Section

malabari-logo-mobile

ഇനി ബാലു എവിടെയിരിക്കും……?

HIGHLIGHTS : ഈ ചോദ്യം അലട്ടുന്നത്‌ ബാലുവിനെയല്ല....ആനപ്പടിയെന്ന്‌ പഴയ വിളിപ്പേരുള്ള പരപ്പനങ്ങാടി റെയില്‍വേ ഗേറ്റ്‌ കടന്നു പോകുന്ന, പേരും നാടുമറിയാത്ത വഴിയാത്രക്...

balu 1 copyഈ ചോദ്യം അലട്ടുന്നത്‌ ബാലുവിനെയല്ല….ആനപ്പടിയെന്ന്‌ പഴയ വിളിപ്പേരുള്ള പരപ്പനങ്ങാടി റെയില്‍വേ ഗേറ്റ്‌ കടന്നു പോകുന്ന, പേരും നാടുമറിയാത്ത വഴിയാത്രക്കാരായ ബാലുവിന്റെ സുഹൃത്തുകളെയാണ്‌. ഒരു പുഞ്ചിരിക്കൊണ്ട്‌ ഒരു സൗഹൃദം കൊരുത്തിട്ട ബാലുവിനെ പരപ്പനങ്ങാടിക്കാര്‍ക്കെല്ലാം ഇപ്പോള്‍ അറിയാം. പരപ്പനങ്ങാടിയിലെ അടച്ചിട്ട റെയില്‍വെ ഗേറ്റിന്‌ അടിയിലൂടെ റെയില്‍വേ അടിപ്പാത നിര്‍മ്മക്കാന്‍ തുടങ്ങുമ്പോള്‍ ഇപ്പോള്‍ നടക്കാനുള്ള വഴി മാറുകയും ഇവിടെ കാണാറുള്ള ചില സ്ഥിരം മുഖങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യും. ഇതാകാം വിശപ്പുമാറ്റാന്‍ ഭിക്ഷതേടുന്ന അരയ്‌ക്കുതാഴെ തളര്‍ന്ന ബാലുവിന്റെ സുഹൃത്തുക്കളുടെ വ്യാകുലതയ്‌ക്ക്‌ കാരണം.

പരപ്പനങ്ങാടിയുടെ ദൈനംദിന ജീവിതത്തില്‍ സുപരിചിതരായി തീര്‍ന്ന പലരെയും മടിത്തട്ടിലേറ്റുവാങ്ങിയത്‌ ഈ റെയില്‍വേ സ്റ്റേഷന്‍ തന്നെയായിരുന്നു. എട്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തെ ഒരു കുഗ്രാമത്തില്‍ നിന്ന്‌ ബിഎ എക്‌ണോമിക്‌സ്‌ ബിരുദ പഠനം കഴിഞ്ഞ്‌ അരക്ക്‌ താഴെ തളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ ജീവതത്തിന്റെ ചില അപ്രതീക്ഷിത തിരിച്ചടിയില്‍പ്പെട്ട്‌ പരപ്പനങ്ങാടിയില്‍ എത്തപ്പട്ടുകയായിരുന്നു. ബാലു പരപ്പനങ്ങാടിയില്‍ ഇറങ്ങുമ്പോള്‍ ഈ റെയില്‍വേ ഗേറ്റ്‌ പരിസരം എന്നും സംഘര്‍ഷ ഭരിതമായിരുന്നു. ടോള്‍സമരവും പ്രക്ഷോപകരും പോലീസും……..

sameeksha-malabarinews

എന്നും നിറയെ സൗഹൃദങ്ങള്‍ ഇഷ്ടപ്പെടുന്ന ബാലു തനിക്ക്‌ ഇരിക്കാന്‍ ഇടം കണ്ടെത്തിയതും ഏറ്റവും അധികം ആളുകള്‍ നടന്നുപോകുന്ന ഈ അടച്ചിട്ട റെയില്‍വേ ഗേറ്റിനകത്തായിരുന്നു. ഇവിടെ ഇരുന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിഷ്‌കളങ്കമായ ചിരിയുമായി ദ്രാവിഡ നിറയഴകുള്ള ബാലു എല്ലാവരുമായി എളുപ്പം സൗഹൃദത്തിലായി. പല വേവലാതികളുമായി തിരക്കുപിടിച്ച്‌ ശ്രദ്ധയില്ലാതെ റെയില്‍ പാളം മുറിച്ച്‌ കടക്കുന്നവരെ പുഞ്ചിരിയോടെ അപകടത്തെ കുറിച്ച്‌ ഓര്‍മ്മപ്പെടുത്തുന്ന ബാലു നാണയതുട്ടുകളുടെ കിലുക്കം കൊണ്ടുപോലും ആരെയും ശല്ല്യപ്പെടുത്തരുതെന്ന്‌ കരുതുന്നു. ഒരിക്കലും ആര്‍ത്തിയുള്ള ഭിക്ഷയെടുക്കല്‍ ബാലുവിന്റെ ഭാഗത്തു നിന്ന്‌ കണ്ടിട്ടില്ല.

ബാലുവിന്റെ പരപ്പനങ്ങാടിയിലെ സൗഹൃദങ്ങള്‍ക്ക്‌ ആണ്‍ പെണ്‍ പ്രായഭേദ വ്യത്യാസമില്ല. എന്നും സ്‌കുളിലേക്ക്‌ പോകാന്‍ ചില്ലറ കരുതിവെക്കുന്നതുപോലെ ബാലുവിനു നല്‍കാന്‍ നാണയങ്ങള്‍ കരുതുന്ന വിദ്യാര്‍ത്ഥിനി സൗഹൃദങ്ങള്‍, ടെന്‍ഷന്‍പിടിച്ച തൊഴിലിടങ്ങളില്‍ നിന്ന്‌ വിട്ടിലെ കുട്ടികളെ കാണാന്‍ ഓടുമ്പോഴും ബാലുവിനെ കണ്ട്‌ രണ്ട്‌ വര്‍ത്താനം പറയുന്ന വീട്ടമാര്‍, ബായ്‌…ബോസ്‌…ബ്രദര്‍ എന്ന വിളികളുമായി ബാലുവിനരികിലെത്തുന്ന ന്യൂജനറേഷന്‍ ഫ്രീക്കന്‍മാര്‍…. ഇങ്ങനെ പോകുന്നു ബാലുവിന്റെ സൗഹൃദങ്ങള്‍.

അറിവികളിലും ചിന്തയിലും നിറമുള്ള കാഴ്‌ചകളുള്ള ബാലുവിന്‌ ഏത്‌ വിഷയത്തിലും വ്യക്തമായ കാഴ്‌ചപ്പാടുമുണ്ട്‌. തന്റെ ശാരീരിക അവശതകളെ കുറിച്ച്‌ യാതൊരു വ്യാകുലതകളുമില്ലാത്ത തികഞ്ഞ ദൈവ വിശ്വാസിയായ ബാലു ജീവിതത്തെ നിറഞ്ഞ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. പല വ്യഥകളുമായി ഈ വഴിയിലൂടെ കടന്നു പോകുന്ന പലര്‍ക്കും ബാലുവിന്റെ ആത്മവിശ്വാസം കരുത്തേകുന്നുണ്ടെന്ന്‌ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇനി പ്രതീക്ഷ അടിപ്പാതയുടെ കരാറെടുത്ത തെലുങ്കന്റെ വാക്കുകളിലാണ്‌……ഇയാള്‍ പറഞ്ഞിട്ടുണ്ടെത്രെ…’ഈ വഴി അടയക്കുമ്പോള്‍ താല്‍ക്കാലികമായി പടിഞ്ഞാറു ഭാഗത്തെ മില്‍മാബൂത്തിനരികിലൂടെ പുതിയ വഴി വരുമെന്നും, നിനക്ക്‌ ആ പൈന്‍മരത്തിന്‌ താഴെയിരുന്ന്‌ ജോലി ചെയ്യാമെന്നും…..’ നമുക്കും്‌ വിശ്വസിക്കാം.…നഷ്ടപ്പെടില്ല ബാലുവിന്റെ സൗഹൃദത്തെ…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!