ളള്ളണം മത്സ്യ ഉത്‌പാദന കേന്ദ്രത്തില്‍ നവീകരണ പ്രവൃത്തികള്‍ക്ക്‌ അനുമതി

പരപ്പനങ്ങാടി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ്‌ യോജന (ആര്‍.കെ.വി.വൈ.)യിലുള്‍പ്പെടുത്തി പരപ്പനങ്ങാടി പഞ്ചായത്തിലെ ഉള്ളണത്ത്‌ പ്രവര്‍ത്തിക്കുന്ന മത്സ്യ ഉത്‌പാദന കേന്ദ്രത്തില്‍ 7.5 കോടിയുടെ നവീകരണ പ്രവൃത്തികള്‍ നടത്തും. അലങ്കാര മത്സ്യ ഉത്‌പാദനം വര്‍ധിപ്പിക്കാനും കേന്ദ്രത്തിന്‌ സമീപത്തെ കല്‍പ്പുഴ നവീകരിച്ച്‌ കൂട്‌ കൃഷി നടത്താനുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. പുഴയിലെ ചെളിയും പായലും നീക്കി 17.75 ഏക്കര്‍ വിസ്‌തൃതിയിലാണ്‌ കൂട്‌ കൃഷിയിറക്കുക. ചെളിനീക്കം ചെയ്യുന്ന പ്രവൃത്തി ജൂലൈ ആറിന്‌ ആരംഭിക്കും. പുഴയില്‍ നിന്നും പ്രതിവര്‍ഷം 60,000 കിലോ മത്സ്യം ഉത്‌പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി 2.73 കോടി നീക്കിവെച്ചിട്ടുണ്ട്‌. 3.76 ഏക്കര്‍ വിസ്‌തൃതിയുള്ള ഫിഷറീസ്‌ കേന്ദ്രത്തില്‍ അലങ്കാര മത്സ്യ ഉത്‌പാദന വര്‍ധനവിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഇതിലൂടെ പ്രതിവര്‍ഷം 50 ലക്ഷം മത്സ്യവിത്ത്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയും. 4.77 കോടി ഇതിനായി വിനിയോഗിക്കും.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ഫിര്‍മയ്‌ക്കാണ്‌ പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഒരു വര്‍ഷത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.