Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനവാസകേന്ദ്രത്തിലേക്ക് മാലിന്യം ഒഴുക്കിവിട്ടു: കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി  അഞ്ചപ്പുരക്ക് പടിഞ്ഞാറുവശത്തെ ജനവാസകേന്ദ്രത്തിലുടെ കടന്നുപോകുന്ന ഡ്രൈനേജിലേക്ക് കക്കുസ് മാലിന്യമടക്കമുള്ള മലിനജലം ഒഴുക്കിവിടുന്നതിനെത...

പരപ്പനങ്ങാടി  അഞ്ചപ്പുരക്ക് പടിഞ്ഞാറുവശത്തെ ജനവാസകേന്ദ്രത്തിലുടെ കടന്നുപോകുന്ന
ഡ്രൈനേജിലേക്ക് കക്കുസ് മാലിന്യമടക്കമുള്ള മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം പരിശോധിച്ച നഗരസഭാ അധികൃതര്‍ തൊട്ടടുത്ത സ്വകാര്യആശുപത്രിയിലെ മലിനജലം തുറുന്നുവിടുന്നതടക്കം ഈ ഡ്രൈനേജിലേക്കാണെന്ന് കണ്ടെത്തി.

പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നിന്നും പടിഞ്ഞാറോട്ടൊഴുകി മുറിത്തോടിലേക്ക് മഴവെള്ളം ഒഴുകിയെത്താനായി നിര്‍മ്മിച്ച ഡ്രൈയിനേജാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഡ്രൈനേജില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍ ഗ്രാമസഭയില്‍ വിഷയം ഉന്നയിക്കുകായിരുന്നു. തുടര്‍ന്ന് നഗരസഭാംഗം ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ പരിസരവാസികള്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ രീതിയില്‍ മലിനജലം ഒഴുകിവരുന്നതായും, മീനുകള്‍ ചത്തുപൊന്തിയതായും കണ്ടെത്തി.

sameeksha-malabarinews

150 ഓളം കുടംബങ്ങളാണ് ഈ ഡ്രൈനേജ് കടന്നുപോകുന്ന തോടിന് ഇരുവശവും താമസിക്കുന്നത് . ഞായറാഴ്ച ദുര്‍ഗ്ഗന്ധം രൂക്ഷമാകുകയും ചില കുട്ടികള്‍ക്ക് ശര്‍ദ്ധിയടക്കമുള്ള അസ്വസ്ഥതകള്‍ ഉണ്ടായതോടെ
തിങ്കളാഴ്ച രാവിലെ സ്ത്രീകളടക്കമുള്ള പരിസരവാസികള്‍ പ്രതിഷേധവുമായി മുനിസിപ്പാലിറ്റിയിലെത്തുകയായിരുന്നു. സരോവരം , സര്‍ഗ്ഗമിത്ര എന്നീ കുടുംബശ്രീ യുണിറ്റുകള്‍ രേഖാമുലം പരാതി നല്‍കുകയും ചെയ്തു. പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാകാതെ പിരിഞ്ഞുപോകില്ലെന്ന പ്രതിഷേധക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ചെയര്‍പേഴ്‌സണടക്കമുള്ള നഗരസഭ കൗണ്‍സിലര്‍മാരും, ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

റോഡിനിരുവശവുമുള്ള പല സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കണമെന്ന് ജനങ്ങള്‍ ആവിശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത നഹാസ് ആശുപത്രിയില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിശദീകരണം ആവിശ്യപ്പെട്ട് നഗരസഭ ആശുപത്രിക്ക് നോട്ടീസ് നല്‍കി.

പരപ്പനങ്ങാടി നഗരത്തിലെ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ അടക്കം പല സ്ഥാപനങ്ങളില്‍ നിന്നും ഇത്തരത്തില്‍ മൂത്രമടക്കമുള്ള വിസര്‍ജ്ജ്യവസ്തുക്കളടങ്ങിയ മലിനജലം വ്യാപകമായി ഒഴുക്കിവിടുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പലയിടത്തുനിന്നും പ്രത്യേക പൈപ്പുകള്‍ ഡ്രൈനേജിലേക്ക് ഘടിപ്പിച്ച് രാത്രികാലങ്ങളില്‍ അവ തുറന്നുവിടുന്ന രീതിയാണ് തുടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ ആരോഗ്യപ്രശനങ്ങള്‍ ഉയര്‍ത്തുന്ന ഈ വിഷയം ഇനിയും ഗൗരവത്തില്‍ എടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!