പറമ്പിക്കുളം-ആളിയാര്‍: ചര്‍ച്ചയ്‌ക്ക്‌ സമയം നിശ്ചയിക്കണമെന്ന്‌ കേരള മുഖ്യമന്ത്രി

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടത്‌. ഇത്‌ പാലിക്കപ്പെടുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8 ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11 നും 12 നും 80 ക്യുസെക്‌സ്‌ വെള്ളം മാത്രമാണ്‌ ലഭിച്ചത്‌. ചിറ്റൂര്‍ പുഴയുടെ താഴ്‌വാരങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിനും ഇത്‌ ഇടയാക്കും.

ചെന്നൈയില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ കേരളം ആഗ്രഹിക്കുന്നത്‌. അതിനാല്‍ ചര്‍ച്ചയ്‌ക്ക്‌ സൗകര്യമുള്ള ഏറ്റവും അടുത്ത ദിവസവും സമയവും നിശ്ചയിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.