വരള്‍ച്ച ബാധിതപ്രദേശത്തു നിന്ന്‌ സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍

pankaj-mundeമുംബൈ: വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നും സെല്‍ഫി ചിത്രം പകര്‍ത്തിയ മഹാരാഷ്ട്ര ബിജെപി മന്ത്രി പങ്കജ് മുണ്ഡെ വിവാദത്തില്‍. അതീവ വരള്‍ച്ചാ ബാധിത പ്രദേശമായ ലത്തൂരില്‍ നിന്നുമാണ് പങ്കജ് മുണ്ഡെ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരള്‍ച്ചാ ബാധിതപ്രദേശങ്ങളിലെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പോസ്റ്റ് ചെയ്ത് ചിത്രങ്ങളാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്.

ബിജെപി പാര്‍ട്ടി മുഴുവനായും സെല്‍ഫി പാര്‍ട്ടിയാണെന്നും അതീവ വരള്‍ച്ചയെന്ന അവസ്ഥയെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് മുണ്ഡെയുടെ സെല്‍ഫിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിനു പകരം സെല്‍ഫി പോസ്റ്റ ചെയ്യുന്നത് ശരിയായ പ്രതികരണമല്ലെന്നും മന്ത്രിയെന്ന നിലയക്ക് പങ്കജ് മുണ്ഡെ ഇത് ഒഴിവാക്കണമായിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് മനീഷ കയാണ്ടെ പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് നേതാക്കള്‍ ഒന്ന് ആലോചിച്ചു നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി-ശിവസേന മ്ര്രന്തിസഭയിലെ ജലവിഭവ സംരക്ഷണം, ഗ്രാമവികസനം, എന്നീ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ് മുണ്ഡെ. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കി വരള്‍ച്ചാദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കു വേണ്ടി പ്രയത്‌നിക്കണമെന്ന് മുണ്ഡെ അഭ്യര്‍ത്ഥിച്ചു. നേരത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപ്പാട് ഒരുക്കുന്നതിനായി മന്ത്രി ഏക്‌നാഥ് ഖഡ്‌സേ പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.