ബംഗാളില്‍ നാട്ടുപഞ്ചായത്തിന്റെ തീരുമാന പ്രകാരം ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: ഗ്രാമപഞ്ചായത്തിന്റെ വിധിപ്രകാരം ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയെ 12 പേരടങ്ങുന്ന സംഘമാണ് ക്രൂരമായി പീഡിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ബിര്‍ഹം ജില്ലയിലെ ഗ്രാമത്തിലാണ് ഈ പൈശാചിക സംഭവം അരങ്ങേറിയത്. അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിനാണ് പെണ്‍കുട്ടിക്ക് ഗ്രാമ കോടതി കൂട്ട ബലാത്സംഗത്തിന് ശിക്ഷ വിധിച്ചത്.

സംഭവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ തന്നെ പെണ്‍കുട്ടിയെ അറിയുന്ന യുവാക്കളും പ്രായമായവരും തന്നെയാണ് പെണ്‍കുട്ടിയെ അപരിഷ്‌കൃതമായ രീതിയില്‍ പീഡിപ്പിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവിനെ കണ്ടതിനെ തുടര്‍ന്ന് 25,000 രൂപ പിഴയടയ്ക്കാന്‍ പെണ്‍കുട്ടിയോടും യുവാവിനോടും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം അടയ്ക്കാന്‍ വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിടുകയായിരുന്നു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ എത്തി പിഴയടച്ചതിനാല്‍ യുവാവിനെ വെറുതെ വിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ജന്മദേശത്താണ് സംഭവം അരങ്ങേറിയതെന്നതും ഏറെ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍കുട്ടിയെ ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചതിനെതിരെ ശക്തമായി പ്രതിഷേധമാണ് രാജ്യമൊട്ടുക്കും നടന്നു വരുന്നത്.