തദ്ദേശ സ്വയഭരണ തെരഞ്ഞടുപ്പ്‌ നീട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

aruvikkara-election
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ സര്‍ക്കാരും തെരഞ്ഞെടുപ്പ്‌ കമ്മീനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ്‌ ഒരു മാസത്തേക്ക്‌ നീട്ടണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം.

സാധാരണ നവംബര്‍ ഒന്നിനാണ്‌ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്‌. ഇത്‌ ഡിസംബര്‍ ഒന്നിലേക്ക്‌ നീട്ടണമെന്നാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെടുക. തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ സെപ്‌തംബര്‍ മൂന്നിന്‌ വിധി പറയാനിരിക്കെയാണ്‌ സര്‍ക്കാര്‍ പുതിയ ആവശ്യവുമായി രംഗത്ത്‌ വന്നത്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിമര്‍ശനങ്ങള്‍ക്കും സര്‍ക്കാര്‍ കോടതിയില്‍ മറുപടി സമര്‍പ്പിക്കും.

ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനമാണ്‌ ലീഗ്‌ മന്ത്രിമാര്‍ ഉയര്‍ത്തിയത്‌. കമ്മീഷന്റെ നടപടികള്‍ ദുരൂഹമാണെന്ന്‌ ലീഗ്‌ അഭിപ്രായപ്പെട്ടു. കമ്മീഷന്‍ അനാവശ്യമായ പിടിവാശി കാണിക്കുന്നെന്നും ലീഗ്‌ മന്ത്രിമാര്‍ വിമര്‍ശനമുന്നയിച്ചു.

സര്‍ക്കാറിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ വിമര്‍ശനങ്ങള്‍ക്കു വിശദീകരണം നല്‍കും.

തദ്ദേശ തിരഞ്ഞെടുപ്പ്‌ നടത്തിപ്പ്‌ സംബന്ധിച്ച്‌ സര്‍ക്കാരും തെരഞ്ഞെടുപ്പ്‌ കമ്മീഷനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല. പുതുതായി രൂപീകരിച്ച 28 മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും കോടതി അംഗീകരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ഇന്നലെയും സര്‍ക്കാര്‍ വാദിച്ചത്‌. എന്നാല്‍ അത്‌ പ്രായോഗികമ്ലലെന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.