പാമോയില്‍ കേസ്: വി എസിന്റെ ഹര്‍ജി തള്ളി

v sന്യൂഡല്‍ഹി: പാമോയില്‍ അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളി. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. വിചാരണക്കിടെ തെളിവു ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുന്നതില്‍ തടസമില്ലെന്നും കോടതി പറഞ്ഞു.

പാമോയില്‍ കേസ് തീര്‍പ്പാക്കാന്‍ വി എസിനു താത്പര്യമില്ലെന്നും ഇങ്ങനെ പോയാല്‍ വി എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി കഴിഞ്ഞ തവണ പരാമര്‍ശം നടത്തിയിരുന്നു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോഴാണ് വി എസിനെതിരെ കോടതി ഇങ്ങനെ പറഞ്ഞത്. ഇതേ തുടര്‍ന്ന് കോടതിക്കു മുമ്പില്‍ വി എസ് വിശദീകരണം നല്‍കി. ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

1991-92 ല്‍ സിംഗപ്പൂരിലെ പവര്‍ ആന്റ് എനര്‍ജി കമ്പനിയെ ഇടനിലക്കാരാക്കി മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്തതിലെ അഴിമതിയാണ് കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കേസ്. 15000 മെട്രിക് പാമോയിലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു വേണ്ടി മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേയാണ് ഇത്.

അന്ന് ധനകാര്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടമായതായാണ് ആരോപണം. ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ ആവശ്യം. ജനപ്രതിനിധി എന്ന ഉത്തരവാദിത്വത്തിലാണ് കേസില്‍ ഇടപെടുന്നതെന്നും തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും വി എസ് നേരത്തെ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.