പാലക്കല്‍ സ്‌കൂളില്‍ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയാരംഭിച്ചു

കോഡൂര്‍:സംസ്ഥാന കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി ജൈവക്കൃഷിത്തോട്ടമൊരുക്കി. ചെമ്മങ്കടവ് പാലക്കല്‍ ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവ പച്ചക്കറിക്കൃഷിയൊരുക്കുന്നത്.

മണ്ണും വളവും നിറച്ച് സ്‌കൂള്‍ മുറ്റത്ത് നിരത്തീട്ടുള്ള നൂറോളം ഗ്രോബാഗുകളിലാണ് വിദ്യാര്‍ഥികള്‍ തൈനട്ടത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലേക്കാവശ്യമായ വെണ്ട, തക്കാളി, വഴുതന, പയര്‍, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

ഗ്രാമപ്പഞ്ചായത്തംഗം കെ. ഷീന, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഹനീഫ പാട്ടുപാറ, പ്രഥമാധ്യാപിക അംബിക എന്നിവരും മറ്റധ്യാപകരും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സഹായവുമായി കൂടെയുണ്ട്.