സംഘടന ഈദി ഫൗണ്ടേഷന്‍ മേധാവി അബ്ദുള്‍ സത്താര്‍ അന്തരിച്ചു

abdul-satharഇസ്താംബൂള്‍: പ്രമുഖ പാകിസ്താനി സാമൂഹിക പ്രവര്‍ത്തകനും ഈദി ഫണ്ടേഷന്‍ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഈദി(92 )അന്തരിച്ചു.  കഴിഞ്ഞ കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അബ്ദുള്‍ സത്താര്‍ ഈദിയുടെ മകനും. ഈദി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുകയും ചെയ്യുന്ന ഫൈസലാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തറിയിച്ചത്.

പാകിസ്താനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധേയനാണ് അബ്ദുള്‍ സത്താര്‍ ഈദി.
പാകിസ്താന്‍ പൗരനാണെങ്കിലും ജന്മം കൊണ്ട് തികഞ്ഞ ഭാരതീയനാണ് അബ്ദുല്‍ സത്താര്‍ ഈധി. 1928ല്‍ ഗുജറാത്തിലെ ജൂനാഘറിനടുത്ത് ബാന്ധ്വി ഗ്രാമത്തില്‍ ജനിച്ച ഈധി പിന്നീട് ഇന്ത്യപാക് വിഭജനത്തോടെ പാകിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു.

ചെറുപ്പകാലം മുതല്‍ യാതനകള്‍ അനുഭവിച്ചാണ് ഈധി വളര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മാതാവ് മാറാരോഗിയുമായിരുന്നു. ഈദിയുടെ പതിനൊന്നാം വയസ്സില്‍ പൂര്‍ണ്ണമായി തളര്‍ന്ന മാതാവിന് പിന്നീട് മാനസിക വൈകല്യവും പിടിപ്പെട്ടു. മരണംവരെ ഉമ്മയുടെ എല്ലാം കാര്യങ്ങളും നോക്കിയിരുന്നത് ഈദിയായിരുന്നു. അദ്ദേഹത്തിന്റെ 19ആം വയസ്സില്‍ ഉമ്മയും മരണപ്പെട്ട് ഈദി ഒറ്റയ്ക്കായി. നിര്‍ധനരായവര്‍ക്കും ആരും തുണയില്ലാത്തവര്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ ഈദിയെ പ്രേരിപ്പിച്ചത് യാതനകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ കുട്ടികാലമായിരുന്നു. സ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസം മുടങ്ങിയ ഈദി സ്വന്തം ജീവിതാനുഭവങ്ങളെയാണ് പാഠമാക്കിയത്. ഈദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ ബില്‍കിസും ഒപ്പമുണ്ടായിരുന്നു.