തീര സംരക്ഷണസേന ഡിഐജിയുടെ വിവാദ പ്രസംഗം പുറത്ത്

pak-boat-loshalന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പുതുവത്സര രാത്രിയില്‍ കത്തിനശിച്ച പാക്കിസ്ഥാന്‍ ബോട്ടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ബോട്ട് തകര്‍ത്തത് തന്റെ ഉത്തരവ് പ്രകാരം തീര സംരക്ഷണ സേനയാണെന്ന് തീര സംരക്ഷണാ സേനയിലെ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി ഐ ജി ബി കെ ലോഷാലിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നു.

എന്നാല്‍ പരമാര്‍ശം വാര്‍ത്തയായതിനെ തുടര്‍ന്ന്, ഇദ്ദേഹം മുന്‍ നിലപാട് മാറ്റി പ്രസ്താവനയിറക്കി. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ലോഷാലി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീരദേശ സേന പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിലുള്ളവര്‍ സ്വയം ബോട്ട് തകര്‍ക്കുകയായിരുന്നു. ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത് താനല്ല.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ബിരിയാണി നല്‍കി സ്വീകരിക്കേണ്ടതില്ലെന്ന തന്റെ നിലപാട് ഒരു ദേശീയ മാധ്യമം വളച്ചൈാടിക്കുകയായിരുന്നുവെന്ന് ലോഷാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഒരു ചടങ്ങിനിടെയാണ് ലോഷാല്‍ ബോട്ട് തകര്‍ക്കാന്‍ ഉത്തരവ് നല്‍കിയെന്ന പ്രസ്താവന നടത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമാകുകയും പ്രതിരോധ മന്ത്രാലയമടക്കം വിശദീകരണം നല്‍കേണ്ടി വരുകയും ചെയ്യണമെന്ന ഘട്ടമെത്തിയതോടെയാണ് ലോഷാല്‍ നിലാപാട് മാറ്റിയിരിക്കുന്നത്.

ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ അന്ന് തന്നെ വിവാദങ്ങളും ശക്തമായിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരര്‍ തന്നെയായിരുന്നോ എന്ന രീതിയിലും സംശയങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ബോട്ടലുള്ളവര്‍ ഭീകരര്‍ തന്നെയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു.