ജിഷ്ണുവിന്റെ മരണം : പി കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം

കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. പാമ്പാടി നെഹ്റു എഞ്ചിയീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കൃഷ്ണദാസിന് ജാമ്യമനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് കോടതിയുടെ വിധി. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വിചാരണ കാലയളവില്‍ കൃഷ്ണദാസ് കോളേജില്‍ പ്രവേശിക്കരുതെന്നും കോളേജിന്റെ ദൈന്യംദിനകാര്യങ്ങളില്‍ ഇടപെടരുതെന്നും കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി ഉത്തരവായി.

ജിഷ്ണു കേസില്‍ ആത്മഹത്യാപ്രേരണകുറ്റമാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന കള്ള ആരോപണം ഉന്നയിച്ച് ജിഷ്ണുവിനെ കോളേജിലെ ഇടിമുറിയില്‍ മാനസികവും ശാരീരികവുമായ പീഡനം നടത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്.