പി കെ ശശിക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

തിരുവനന്തപുരം: പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന പീഡനപരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ സിപിഎം സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കും. ഷൊര്‍ണൂര്‍ എംഎല്‍എയായ ശശിക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തെലെന്നാണ് സൂചന. സംഭവത്തില്‍ ശശിയുടെ ഫോണ്‍ സംഭാഷണങ്ങളുടെ പകര്‍പ്പും പരാതി പിന്‍വലിക്കാനായി നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും പെണ്‍കുട്ടി കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി കെ ശശിക്കെതിരെ നടപടി വേണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.

ഓഗസ്റ്റ് 14 നാണ് യുവതി വനിത പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു പരാതി നല്‍കിയത്. വിഷയം ജില്ലാകമ്മിറ്റിയോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.

Related Articles