ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‌ മാര്‍ഗനിര്‍ദേശം ഉടന്‍: മന്ത്രി ടി.പി.രാമകൃഷ്‌ണന്‍

imagesഇതര സംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക്‌ ഉടന്‍ രൂപം നല്‍കുമെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ അറിയിച്ചു. അന്താരാഷ്ട്ര ബാലവേല വിരുദ്ധദിന പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക്‌ ഇപ്പോള്‍ ലഭ്യമല്ല. ഇവരുടെകൂടെ വരുന്ന 18 വയസ്സിന്‌ താഴെയുള്ള കുട്ടികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നുണ്ട്‌. തൊഴിലാളികള്‍ മലയാളികളാണെങ്കിലും അല്ലെങ്കിലും അവരെയെല്ലാം തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്‌മയും സാമൂഹ്യ പിന്നാക്കാവസ്ഥയുമാണ്‌ ബാലവേലയിലേക്ക്‌ നയിക്കുന്നത്‌. ആ അവസ്ഥ ഒഴിവാക്കുകയാണ്‌ അടിസ്ഥാന പരിഹാരം. ബാലവേല തടയുന്ന 1986ലെ കേന്ദ്ര നിയമപ്രകാരം ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ചൈല്‍ഡ്‌ ലേബര്‍ റിഹാബിലിറ്റേഷന്‍ കം വെല്‍ഫെയര്‍ കമ്മിറ്റികളുണ്ട്‌്‌്‌. ഇത്‌ ഫലപ്രദമായി പ്രവര്‍ത്തിക്കണം. പൊതുസമൂഹത്തിന്റെകൂടി ജാഗ്രതയുണ്ടെങ്കിലേ ബാലവേല പൂര്‍ണമായി ഒഴിവാക്കാനാവു. തൊഴിലുടമകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക്‌ വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ കാണാതാവുന്നത്‌ മുതല്‍ അവര്‍ക്കെതിരെയുള്ള പീഡനം വരെയുള്ള എല്ലാ പ്രശ്‌നങ്ങളും അറിയിക്കാന്‍ ചൈല്‍ഡ്‌ ലൈനിന്റെ 1098 ടോള്‍ഫ്രീ നമ്പറുള്ളതുപോലെ ബാലവേലയെക്കുറിച്ച്‌ വിവരമറിയിക്കാന്‍ തൊഴില്‍വകുപ്പിന്‌ കീഴില്‍ രണ്ട്‌ ടോള്‍ ഫ്രീ നമ്പറുള്ള കാര്യം മന്ത്രി ടി.പി രാമകൃഷ്‌ണന്‍ ഓര്‍മിപ്പിച്ചു. 155214, 180042555214 എന്നിവയാണ്‌ നമ്പറുകള്‍. ബാലവേല മാത്രമല്ല, തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട ഏത്‌ പ്രശ്‌നങ്ങള്‍ക്കും ഏത്‌ ഫോണില്‍ നിന്നും സൗജന്യമായി ഈ നമ്പറുകളിലേക്ക്‌ വിളിക്കാം.
കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, തൊഴിലാളി സംഘടനാ നേതാക്കളായ ടി. ദാസന്‍(സി.ഐ.ടി.യു), അഡ്വ. എം. രാജന്‍(ഐ.എന്‍.ടി.യു.സി),പി.കെ നാസര്‍ (എ.ഐ.ടി.യു.സി) യു. പോക്കര്‍( എസ്‌.ടി.യു),വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട്‌ ടി. നസിറുദ്ദീന്‍, വ്യാപാരി വ്യവസായസമിതി പ്രതിനിധി സി.വി ഇക്‌്‌ബാല്‍, ചൈല്‍ഡ്‌്‌ലൈന്‍ പ്രതിനിധി മുഹമ്മദലി, റീജ്യണല്‍ ജോയന്റ്‌ ലേബര്‍ കമ്മീഷണര്‍ കെ.എം സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.