ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം; മൂന്നുപേര്‍ പിടിയില്‍

എടപ്പാള്‍ : നിരോധിച്ച മൂന്നക്കനമ്പര്‍ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തിയ സംഘം പിടിയില്‍. എടപ്പാളിനടുത്ത് പോത്തന്നൂര്‍ സ്വദേശി കൈതക്കാട്ടില്‍ പ്രദീപ് (28), കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി വെളുത്തോടന്‍ പറമ്പില്‍ സുനില്‍ (29), എടപ്പാള്‍ സ്വദേശി പരുവിങ്ങല്‍ ആസാദ് (34) എന്നിവരെയാണ് പൊന്നാനി സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം എസ്‌ഐ ടി മനോഹരന്‍, എഎസ്‌ഐ തിലകന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

പൊന്നാനി റോഡില്‍ കൃഷ്ണ ലാട്ടറി ഏജന്‍സിയിലാണ് സംഭവം. പകല്‍ 3.30 ന് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റ് നറുക്കെടുക്കുമ്പോള്‍ അവസാനത്തെ മൂന്നക്ക നമ്പര്‍ ശരിയായി വരുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന വിദ്യയാണ് സംഘം നടത്തുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സ്ഥാനത്തിന്റെ അവസാന നമ്പര്‍ ശരിയായാല്‍ ഒന്നാസ്ഥാനം 5000,രണ്ടാം സ്ഥാനത്തിന്റെ മൂന്നക്കനമ്പറിന് 500, മൂന്നാം സ്ഥാനത്തിന്റെ മൂന്നക്ക നമ്പറിന് 250, നാലാം സ്ഥാനത്തിന്റെ മൂന്നക്ക നമ്പറിന് 100, അഞ്ചാം സ്ഥാനത്തിന്റെ മൂന്നക്ക നമ്പറിന് 50 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.

പിടിയിലായവര്‍ ഇടനിലക്കാരാണ്. ചൂതാട്ടത്തിന്റെ ഉടമ വിദേശത്താണെന്നും ഇയാള്‍ കുറ്റിപ്പുറം സ്വദേശിയായ മനോജാണെന്നും പ്രതികള്‍ അനേ്വഷണ സംഘത്തോട് പറഞ്ഞു. സ്ഥാപനത്തില്‍ നിന്നും കപ്യൂട്ടര്‍, ലാപ്‌ടോപ്, ഹാര്‍ഡ്ഡിസ്‌ക്, നാല് മൊബൈല്‍ ഫോണുകള്‍, സീല്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.