ഓണസമൃദ്ധി പച്ചക്കറി വിപണികള്‍ ഒരുങ്ങുന്നു

vegetableസെപ്‌റ്റംബര്‍ 9 മുതല്‍ 13 വരെയുളള അഞ്ചു ദിവസങ്ങളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലുമായി 1350 ഓണ സമൃദ്ധി പച്ചക്കറി വിപണികള്‍ ഒരുക്കുന്നു. ഹോര്‍ട്ടികോര്‍പ്പ്‌, വി. എഫ്‌. പി. സി. കെ, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഈ വിപണികള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്‌. കാന്തല്ലൂര്‍, വട്ടവട മേഖലകളിലെ കര്‍ഷകര്‍ ഉല്‌പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ എന്നിവയും ചന്തകളിലൂടെ വിതരണം ചെയ്യും. സംസ്ഥാനത്ത്‌ ഉല്‌പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുപുറമെ തക്കാളി, സവാള, ചെറിയ ഉളളി, മാങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ്‌ സംഭരിച്ച്‌ ഓണസമൃദ്ധി സ്റ്റാളുകളില്‍ ലഭ്യമാക്കും. 91 സ്റ്റാളുകള്‍ പാതയോരങ്ങളിലാണ്‌ സംഘടിപ്പിക്കുക.

ഓണസമൃദ്ധിയുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നുണ്ട്‌. കോഴിക്കോട്‌ – 104, കാസര്‍കോഡ്‌ – 54, കണ്ണൂര്‍-92, വയനാട്‌-34, പാലക്കാട്‌-120, മലപ്പുറം-130 പച്ചക്കറി ചന്തകളാണ്‌ ആരംഭിക്കുന്നത്‌. കര്‍ഷകര്‍ ജൈവരീതിയില്‍ ഉല്‌പാദിപ്പിച്ച പച്ചക്കറികള്‍ 10% കൂടുതല്‍ വില നല്‍കി സംഭരിച്ച്‌ 30% വിലക്കുറവില്‍ പ്രത്യേക പ്രാധാന്യത്തോടെ ഓണസമൃദ്ധി സ്റ്റാളുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്‌.