ഓണക്കാലത്ത്‌ വിപണിയില്‍ വിലക്കയറ്റമുണ്ടാകില്ല: മന്ത്രി അനൂപ്‌ ജേക്കബ്‌

karadu paramba supplyco Udgadanamമലപ്പുറം:ഓണക്കാലത്ത്‌ വിപണിയില്‍ അനിയന്ത്രിത വിലക്കയറ്റവും സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിക്ക്‌ വില വര്‍ധനവുമുണ്ടാകില്ലെന്ന്‌ രജിസ്‌ട്രേഷന്‍ -സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. മൂന്നിനം ഭക്ഷ്യ സാധനങ്ങളുടെ വിലകുറച്ചാണ്‌ ഇത്തവണ സിവില്‍ സപ്ലൈസ്‌ ഓണത്തെ വരവേല്‍ക്കുന്നത്‌. അനിയന്ത്രിത വിലക്കയറ്റത്തെയും പൂഴ്‌ത്തി വെയ്‌പ്പിനെയും ശക്തമായി നേരിടുമെന്നും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ കാരാട്‌പറമ്പ്‌ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന്റെ സ്‌പെഷല്‍ പഞ്ചസാര മുഴുവന്‍ പേര്‍ക്കും ഓണത്തിന്‌ മുമ്പ്‌ തന്നെ ലഭ്യമാക്കുമെന്നും പൊതു വിതരണ സംവിധാനം വഴി നല്‍കുന്ന അവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ സബ്‌സിഡിയോടെ തടസ്സമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ്‌ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷനായി. വാഴയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആര്‍. രമണന്‍ ആദ്യവില്‌പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശാരദ മീമ്പാറയില്‍, ഇ.കെ. ഫാറൂഖ്‌, നാരായണന്‍, എം.കെ. കമലം, പി.പി. പ്രമീള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.