ഓണക്കാലത്ത് 5000 ഓണച്ചന്ത

തിരുവനന്തപുരം: ഓണക്കലത്തെ സമ്പന്നമാക്കാന്‍ നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ലൈക്കോയും സംസ്ഥാനത്ത് 5000 ഓണച്ചന്ത തുടങ്ങും. കണ്‍സ്യൂമര്‍ഫെഡ് 3500 ഓണച്ചന്തയും സപ്ളൈകോ 1500 ഓണച്ചന്തയുമാണ് തുടങ്ങുക. ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

സപ്ളൈകോ  എല്ലാ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും ഓണച്ചന്ത ആരംഭിക്കും. ഇതിനുപുറമെ മെട്രോ ഫെയറുകളുമുണ്ടാകും. കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മെഗാമാര്‍ട്ടുകളും ഓണച്ചന്തയായി പ്രവര്‍ത്തിക്കും. സാധനങ്ങള്‍ പരമാവധി കുറഞ്ഞ നിരക്കില്‍ എത്തിക്കാനുള്ള മുന്നൊരുക്കം കണ്‍സ്യൂമര്‍ഫെഡില്‍ നേരത്തെ ആരംഭിച്ചിരുന്നു. എല്ലാ ജില്ലയിലും ചന്തകള്‍ തുടങ്ങും. ഓരോ ജില്ലയിലും ഓണച്ചന്ത നടത്തുന്ന സ്ഥലങ്ങളുടെ പട്ടിക 27ന് തൃശൂരില്‍ നടക്കുന്ന കണ്‍സ്യൂമര്‍ഫെഡ് ബോര്‍ഡ് യോഗത്തിനുശേഷം പുറത്തുവിടും.

ഓണക്കാലത്ത് അരിവില നിയന്ത്രിക്കാനും ആവശ്യത്തിന് ലഭ്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് 7000 ടണ്‍ അരി ഓണത്തിന് ലഭിക്കും. വര്‍ഷത്തില്‍ 72,000 ടണ്‍ അരി ആന്ധ്രയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി പി തിലോത്തമനും ആന്ധ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ അരിയും മുളകും നല്‍കാനുള്ള ധാരണയായത്. ജയ, പൊന്നി, കുറുവ ഇനത്തില്‍പെട്ട അരിയാണ് ലഭിക്കുക. ഉണക്കമുളകും ആന്ധ്രയില്‍നിന്ന് കുറഞ്ഞനിരക്കില്‍ ലഭിക്കും. ഇതിനായി സപ്ളൈകോ ആന്ധ്ര സര്‍ക്കാരുമായി ഉടന്‍ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കും. ഇ ടെന്‍ഡര്‍ വഴിയാണ് സാധനങ്ങള്‍ വാങ്ങുക. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.

ഓണത്തിന് വിപണിയില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 63 ലക്ഷം വിത്തുപാക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറിത്തൈകള്‍, ഒരുലക്ഷത്തോളം ഗ്രോബാഗുകള്‍ എന്നിവയാണ് കൃഷിഭവനുകള്‍വഴി വിതരണംചെയ്യുന്നത്.