Section

malabari-logo-mobile

ഓണത്തിനൊരുമുറം പച്ചക്കറി: മുഖ്യമന്ത്രിയും മന്ത്രിമാരും  സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറിത്തൈ നട്ടു

HIGHLIGHTS : തിരുവനന്തപുരം:ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്ര...

തിരുവനന്തപുരം:ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്രട്ടേറിയറ്റിനുമുന്നിലെ തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളിലാണ് വിവിധ പച്ചക്കറിത്തൈകള്‍ മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ
ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, പി. തിലോത്തമന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണന്‍, കെ. രാജു തുടങ്ങിയവര്‍ തൈനട്ടു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു. സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തൈകള്‍ ഓണത്തിന് മുമ്പ് വിളവെടുക്കും. കഴിഞ്ഞവര്‍ഷവും സെക്രട്ടേറിയറ്റ് വളപ്പില്‍ വിജയകരമായി പച്ചക്കറി കൃഷി ഓണത്തോടനുബന്ധിച്ച് നടത്തിയിരുന്നു.
ഓണത്തിന് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞവര്‍ഷമാണ് ആരംഭിച്ചത്. പദ്ധതിക്ക് മുന്നൊരുക്കമായി വിവിധയിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ ഒരു കോടി പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ജൂണ്‍ അഞ്ച് പരിസ്ഥിതിദിനത്തിനു തന്നെ എല്ലാ സ്‌കൂളുകളിലും പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കി. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. പച്ചക്കറികള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 42000 ഗ്രോബാഗ് യൂണിറ്റുകളാണ് നഗരപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്.
2018-19 വര്‍ഷം 80 കോടി രൂപയാണ് പച്ചക്കറി കൃഷിക്ക് ബജറ്റ് വിഹിതമായി അനുവദിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, വീട്ടമ്മമാര്‍, സന്നദ്ധസംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും അംഗങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവര്‍ ഈ പദ്ധതിയില്‍ പങ്കാളികളാകും. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 15 കര്‍ഷകര്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. 15000 രൂപ ഹെക്ടറിന് എന്ന നിരക്കില്‍ ഇവര്‍ക്ക് ധനസഹായം നല്‍കും. തരിശു സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനായി 30000 രൂപയാണ് ഹെക്ടറിന് ധനസഹായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!