ഓണം-ബക്രീദ്‌ ആഘോഷ വേളയില്‍ വില കുതിച്ച്‌ ഉയരുന്നത്‌ നിയന്ത്രിക്കണം -ജില്ലാ കലക്‌ടര്‍

മലപ്പുറം: ഓണം-ബക്രീദ്‌ ആഘോഷ വേളയില്‍ ഭക്ഷ്യവസ്‌തുക്കളുടെ വില കുതിച്ചുയരുന്നത്‌ നിയന്ത്രിക്കണമെന്നും കരിച്ചന്ത, പൂഴ്‌ത്തിവെപ്പ്‌ എന്നിവ നടത്തരുതെന്നും ജില്ലാ കലക്‌ടര്‍ എ. ഷൈനാമോള്‍ ജില്ലയിലെ വ്യാപരി വ്യവസായി സഘടന പ്രതിനിധികളോട്‌ അഭ്യര്‍ത്ഥിച്ചു. ഓണം-ബക്രീദ്‌ ആഘോഷ വേളകളില്‍ വിപണിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു ജില്ലാ കലക്‌ടര്‍. ആഘോഷവേളകളില്‍ പൊതുവെ വിപണികളില്‍ വില കുതിച്ചുയരുന്ന സാഹചര്യമുണ്ടാകാറുണ്ട്‌ ഇത്‌ സധാരണക്കാരുടെ ആഘോഷത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത്‌ സാമൂഹ്യ ബാധ്യതയാണന്നും ഇതിനു വ്യാപാരികളുടെ പൂര്‍ണസഹകരണം ഉണ്ടാവണമെന്നും ജില്ലാ കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ ജില്ലയിലെ വിപണിയില്‍ അരി, പച്ചക്കറി,പലവ്യഞ്‌ജനങ്ങളുടെ വില നിലവാരം താഴ്‌ന്ന നിലയിലാണെന്നും ഇതേ നിലവാരം ആഘോഷവേളകളിലും നിലനിര്‍ത്തുന്നതിന്‌ പൂര്‍ണമായ സഹകരണമുണ്ടാവുമെന്നും വ്യാപാരികള്‍ ഉറപ്പ്‌ നല്‍കി. ഇത്‌ സബന്ധിച്ച്‌ വ്യാപാരികളുടെ താലൂക്ക്‌ തല യോഗങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറികളുടെ കീടനാശിനിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉത്‌പനങ്ങള്‍ കെട്ടികിടക്കുന്നതിന്‌ കാരണമാകുന്നുണ്ടെന്നും ഇത്‌ വില നിലവാരത്തെ ബാധിക്കുമെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. .
പച്ചകറികടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും വില നിലവാര പട്ടിക ഉറപ്പുവരുത്തുമെന്ന്‌ വ്യാപാരികള്‍ ജില്ലാകലക്‌ടര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. ഇത്‌ സംബന്ധിച്ച്‌ ജാഗ്രത പുലര്‍ത്താന്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ക്ക്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
കലക്‌ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ. വല്‍സ, ചേംബര്‍ ഓഫ്‌ കോമെഴ്‌സ്‌ ജനറല്‍ സെക്രട്ടറി പി.പി അബ്‌ദുറഹിമാന്‍, വെജിറ്റബിള്‍ മര്‍ച്ചന്റ്‌ പ്രതിനിധി കെ. അറുമുഖന്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ എം.കെ അലി, സൈനുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles