ഒണത്തിന് വിവിധ പരിപാടികളുമായി കെ.ടി.ഡി.സി

കേരള സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ‘ഈ ഓണം കെ.ടി.ഡി.സിയോടൊപ്പം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം കൊടുത്തതായി ചെയര്‍മാന്‍ എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോര്‍പറേഷന്റെ കേരളത്തിലുള്ള പ്രീമിയം, ടാമറിന്റ് ഹോട്ടലുകളിലും മോട്ടലുകളിലും ഓണക്കാലത്ത് ‘പായസമേള’ സംഘടിപ്പിക്കും. കൂടാതെ, കെ.ടി.ഡി.സിയുടെ എല്ലാ സ്ഥാപനങ്ങളിലും അവിടങ്ങളിലെ താമസക്കാര്‍ക്കും മറ്റുമായി തനതുശൈലിയിലെ പാരമ്പര്യ നിറവോടെ ‘ഓണസദ്യ’യും ഒരുക്കുന്നുണ്ട്.

പായസമേളയില്‍ രുചിയേറിയ വിവിധ പായസങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഏത്തക്ക ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങിയവയും വില്‍പനക്കെത്തിക്കും. കെ.ടി.ഡി.സിയുടെ പാചക വിദഗ്ധര്‍ ഒരുക്കുന്ന കേരളത്തിന്റെ തനത് പായസങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തയാറാക്കുന്നതും വിതരണം ചെയ്യുന്നതും.
സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് കെ.ടി.ഡി.സിയുടെ പ്രമുഖ ഹോട്ടലുകളില്‍ തൂശനിലയില്‍ ഓണസദ്യ ഒരുക്കുന്നത്. കൂടാതെ, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലെ ടെക്കികള്‍ക്കായി ഓഗസ്റ്റ് 29, 30 തീയതികളില്‍ അതത് കാമ്പസുകളില്‍ ഓണസദ്യ ഒരുക്കും.

കോവളത്തെ സമുദ്ര, തിരുവനന്തപുരം മാസ്‌കറ്റ്, തേക്കടി ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ്, മൂന്നാര്‍ ടീ കൗണ്ടി, തമ്പാനൂര്‍ ചൈത്രം, പൊന്‍മുടി ഗോള്‍ഡന്‍ പീക്ക്, തണ്ണീര്‍മുക്കം സുവാസം ലേക്ക് റിസോര്‍ട്ട്, തേക്കടി പെരിയാര്‍ ഹൗസ്, ഗുരുവായൂര്‍ നന്ദനം, മലമ്പുഴ ഗാര്‍ഡന്‍ ഹൗസ്, സുല്‍ത്താന്‍ബത്തേരി പെപ്പര്‍ഗ്രോവ് എന്നീ ഹോട്ടലുകളിലും, നെയ്യാര്‍ ഡാം, കൊല്ലം, ആലപ്പുഴ, പീരുമേട്, തൃശൂര്‍, ഗുരുവായൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കണ്ണൂര്‍, തിരുനെല്ലി, മങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ടാമറിന്റ് ഹോട്ടലുകളിലും പത്തോളം മോട്ടലുകളിലുമാണ് പായസമേള സംഘടിപ്പിക്കുന്നത്.

ഡി.ടി.പി.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ടൂറിസം പദ്ധതികള്‍ക്ക് ആഗോളശ്രദ്ധ കിട്ടുന്ന വിധമുള്ള പ്രചാരണസഹായം നല്‍കും. അന്താരാഷ്ട്ര നിലവാരമുള്ള സേവനം കെ.ടി.ഡി.സിയില്‍നിന്ന് നല്‍കാന്‍ മികച്ച പരിശീലനമാണ് നല്‍കിവരുന്നത്. പൊന്‍മുടി ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ വന്‍ വികസനപദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.ഡി.സി എം.ഡി ആര്‍. രാഹുല്‍, ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരും സംബന്ധിച്ചു