ഒമാനില്‍ പുതിയെ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും

Story dated:Wednesday May 3rd, 2017,12 11:pm

മസ്‌കറ്റ്: ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമത്തിന്റെ രൂപകല്‍പന പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ നിയമം പരിഷ്‌ക്കരിക്കുന്നത് തന്‍ഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.

എണ്ണ, പ്രകൃതിവാതക മേഖലയ്ക്ക് പുറമെ സര്‍ക്കാറിന് വരുമാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപവത്കരിക്കുകയാണ് തന്‍ഫീദ് പഠനത്തില്‍ ലക്ഷ്യമാക്കിയത്. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് മുന്‍പില്‍ വന്‍തോതില്‍ അവസരങ്ങള്‍ രൂപപ്പെടുത്തുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങളെന്ന് മന്ത്രി നാസര്‍ അല്‍ ബക്രി പറഞ്ഞു.

പരിഷ്‌കരിക്കേണ്ടതും പുതുതായി ഉള്‍പ്പെടുത്തേണ്ടതുമായ തൊഴില്‍ നിയമങ്ങളെക്കുറിച്ച് റോയല്‍ ഒമാന്‍ പോലീസും മാനവവിഭവ ശേഷി മന്ത്രാലയവും പരിശോധന നടത്തിയതിനുശേഷമാണ് ഇവ നടപ്പാക്കാനിരിക്കുന്നത്.