ഒമാനിലെ കമ്പനിയില്‍ നിന്ന് 6 കോടി കവര്‍ന്ന് മലയാളി നാട്ടിലേക്ക് കടന്നു

മസ്‌ക്കത്ത്: നിര്‍മ്മാണത്തിലിരിക്കുന്ന കമ്പനിയില്‍ നിന്നും 3.85 ലക്ഷം(ഏകദേശം 6.48 കോടി) കവര്‍ന്ന് മലയാളി നാട്ടിലേക്ക് കടന്നതായി പരാതി. ഇന്‍വോയിസില്‍ കമ്പനിയുടെ അക്കൗണ്ട് നമ്പറിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി പണം തട്ടിയെന്നാണ് പരാതി. ഒമാനി-യുഎഇ സ്വദേശികളുടെ സംയുക്ത ഉടമസ്ഥതയിലുളള കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഇയാള്‍.

കമ്പനി മസ്‌കത്തില്‍ കരാറടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതിയുടെ കരാര്‍ നല്‍കിയവരില്‍ നിന്ന് കമ്പനിക്ക് ലഭിക്കാനുള്ള അവസാനത്തെ മൂന്ന് തവണത്തെ പണമാണ് ഇന്‍വോയിസില്‍ അക്കൗണ്ട് നമ്പര്‍ തിരുത്തി ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാര്‍ച്ച് പകുതിയോടെ ഒരാഴ്ചത്തെ എമര്‍ജന്‍സി ലീവ് ആവശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു.

ഉപഭോക്താവ് പണം നല്‍കിയതിന്റെ റസിപ്റ്റ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 2011 മുതലാണ് ഇയാള്‍ ഇവിടെ ജോലിക്ക് ചേര്‍ന്നത്. തുടര്‍ന്ന് 2015 ല്‍ അക്കൗണ്ടിങ് വിഭാഗത്തിലെ മേധാവിയായി ഇയാള്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തു. കമ്പനി ഇയാൾക്കെതിരെ മസ്കത്തിലെ കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും യു.എ.ഇ പത്രം ദി നാഷനൽ റിപ്പോർട്ട് ചെയ്തു.