ഒമാനില്‍ മലയാളികളുടെ ഷോപ്പിങ് സെന്റര്‍ കത്തിനശിച്ചു

മസ്‌കത്ത്: മലയാളികളുടെ ഷോപ്പിങ് സെന്റര്‍ പൂര്‍ണമായി കത്തിനശിച്ചു. വയനാട്, തലശ്ശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തെക്കന്‍ ശര്‍ഖിയ ജഅലാന്‍ ബനീ ബുഅലിയിലെ ‘റൗണാക് ഷോപ്പിങ് സെന്ററാണ്’ കത്തിനശിച്ചത്. അപകടത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍മ്പാണ് ഈ ഷോപ്പിങ് സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. വന്‍തുക നഷ്ടമുണ്ടായിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെ കടയടച്ച് പുറത്തിറങ്ങിയ ജീവനക്കാരാണ് തീ ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ പല സ്ഥലങ്ങളിലേക്കും ആളിപടരുകയായിരുന്നു. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ മറ്റ് അകടങ്ങള്‍ ഒഴിവായി.

കെട്ടിടത്തിന്റെ മതില്‍ ഉള്‍പ്പെടെ പൊളിച്ചുമാറ്റിയാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. ഷോപ്പിങ് സെന്റര്‍ പൂര്‍ണമായി കത്തി നശിച്ചു. അടുത്തിടെ ഇവിടെയുണ്ടായ തീപിടുത്തങ്ങളില്‍ ഏറ്റവും വലുതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.