ഒമാനില്‍ വീണ്ടും മെര്‍സ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തു

downloadമസ്‌ക്കറ്റ്‌: ഒമാനില്‍ വീണ്ടും മിഡില്‍ ഈസ്റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്‌) ബാധ റിപ്പോര്‍ട്ടു ചെയ്‌തു. നാല്‌പതുകാരനിലാണ്‌ രോഗം കണ്ടെത്തിയത്‌. കടുത്ത പനിയും ന്യുമോണിയയുമായെത്തിയ ആളില്‍ നടത്തിയ പരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌. റഫറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപിതികരമാണെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒമാനില്‍ ഇത്‌ ഏഴാം തവണയാണ്‌ മെര്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. കഴിഞ്ഞ മെയ്‌മാസത്തിലാണ്‌ അവസാനം രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. രോഗം പടരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒട്ടകങ്ങളില്‍ നിന്നാണ്‌ ഈ രോഗം പ്രധാനമായും പടരുന്നത്‌. മെര്‍സ്‌ ബാധിച്ച്‌ നിരവധി പേരാണ്‌ ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ നാടുകളില്‍ മരിച്ചത്‌. നിയന്ത്രണ വിധേയമായ മെര്‍സ്‌ രോഗം വീണ്ടും കണ്ടെത്തിയത്‌ ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്‌.