ഒമാനില്‍ പരിപാരിപാടികള്‍ സംഘടിപ്പിക്കാന്‍ മൂന്ന് മാസം മുമ്പ് അനുമതി വേണം

മസ്‌കറ്റ്; രാജ്യത്ത് കമ്പനികളുടെ നേതൃത്വത്തല്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും മുന്‍കൂട്ടി മൂന്ന് മാസം മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്ന് ഉത്തരവ്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

സമ്മേളനം, സെമിനാര്‍, പരിശീലനങ്ങള്‍, പഠനങ്ങള്‍, മറ്റു ഇവന്റുകള്‍ എന്നിവയ്ക്കാണ് നേരത്തെ അനുമതി നേടേണ്ടത്. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ അനുമതിരേഖകള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇവന്റുകള്‍നടത്താന്‍ അനുവദിക്കുന്ന ഹോട്ടലുകള്‍, ഹാള്‍ മാനേജ്‌മെന്റ് എന്നിവര്‍ നിയമനടപടി നേരിടേണ്ടിവരും. സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടിയുണ്ടാകും.

പരിപാടിയുടെ വിഷയം, രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പേര് വിവരങ്ങള്‍, സ്ഥലം, തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം, തുടങ്ങിയ വിവരങ്ങള്‍ അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കണം. സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി.