ഒമാനില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണികിട്ടും

മസ്‌കത്ത്: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തു. ഒമാന്റെ ലോഗോ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിസ്വീകരിക്കുന്നതെന്ന് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഖാമിസ് ബിന്‍ അബ്ദുല്ല അല്‍ ഫര്‍സി പറഞ്ഞു.

റോയല്‍ ഒമാന്‍ പോലീസിന്റേതടക്കമുള്ള ചിഹ്നങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.ഖഞ്ചറും വാളും ചേര്‍ന്ന രൂപമാണ് ഒമാന്‍ ചിഹ്നമായി ഉപയോഗിക്കുന്നത്.

വാണിജ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുകത്ത നടുപടി സ്വീകിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അനുവാദം കൂടാതെ മുദ്രകള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പതാകയേയും ഔദ്യോഗിക മുദ്രയെയും രാജകീയ ഗാനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന 53/2004 രാജകീയ ഉത്തരവിന്റെ ലംഘനമാണ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പ്പന്നങ്ങളില്‍ ഔദ്യോഗിക മുദ്രകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.