സലാലയില്‍ മലയാളി നഴ്‌സ് ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; ഭീതിയോടെ മലയാളികള്‍

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ വീണ്ടും മലയാളി യുവതിയെ ദൂരഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സലാലയിലെ ഫ്‌ളാറ്റിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍(30)മരിച്ചനില്‍ കണ്ടത്. ഡെന്റല്‍ ക്ലിനിക്കിലെ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫായി ജോലി ചെയ്തുവരികയാണ്. ദമ്പതികള്‍ക്ക് കുട്ടികളില്ല. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

രണ്ടാഴ്ചിക്കിടെ ഉണ്ടായ രണ്ടാമത്തെ കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ കുടുംബമായി താമസിക്കുന്ന മലയാളികള്‍ ഭീതിയിലായിരിക്കുകയാണ്. ഫെബ്രുവരി മൂന്നിനാണ് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ളീനിങ് ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശി സിന്ധു കൊല്ലപ്പെട്ടത്. ഗര്‍ബിയ ഇത്തീന്‍ റോഡിലെ ഹില്‍ട്ടണ്‍ ഹോട്ടലിന്‍െറ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ യമന്‍ സ്വദേശി സിന്ധുവിനെ കുത്തിക്കൊന്ന് ആഭരണങ്ങള്‍ കവരുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിയായ യമനിയെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് എറണാകുളം സ്വദേശിനി ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടത്. സലാല ബദര്‍ അല്‍സമാ ആശുപത്രിയിലെ നഴ്സായിരുന്ന ചിക്കു സംഭവദിവസം ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും അതേ സ്ഥാപനത്തിലെ തന്നെ ജീവനക്കാരനുമായ ലിന്‍സണ്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഈ മൂന്ന് കൊലപാതകങ്ങളിലെയും സമാനതയാണ് മലയാളികളെ ഭീതിയിലാക്കിയിരിക്കുന്നത്.

Related Articles