ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍

മസ്‌ക്കറ്റ്: പുതിയ തൊഴില്‍ നിയമം ഒമാനില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി മജ്‌ലിസ് ശുറൂയില്‍ പറഞ്ഞു. അതെസമയം ഒമാനിലെ ഇടത്തരം ചെറുകിട വ്യവസായ സംരംഭകരുടെ സംരക്ഷണത്തിനുവേണ്ടി നിലനില്‍ക്കുന്ന എന്‍ ഒ സി നിയമം തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒമാന്‍ മജ്‌ലിസ് ശൂറയില്‍, തൊഴില്‍ വകുപ്പ് മന്ത്രി അബ്ദുല്ല നാസ്സര്‍ ബക്രിയുമായി എന്‍. ഓ. സി വിഷയത്തിന്‍മേല്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍, ഇപ്പോള്‍ ഒമാനില്‍ നിലനില്‍ക്കുന്ന എന്‍ഒസി നിയമം തുടരണം എന്നു മന്ത്രി നാസ്സര്‍ ബക്രി അഭിപ്രായപെട്ടു. ഇതു രാജ്യത്തെ ഇടത്തരം ചെറുകിട വ്യവസായ സംഭരംഭകരുടെ സംരക്ഷണത്തിന് പ്രയോജനം ചെയുമെന്നു അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ഒമാനില്‍ ഇപ്പോള്‍ നിലവില്‍ നിലനില്‍ക്കുന്ന എന്‍.ഓ.സി നിയമം തുടരുവാനാണ് സാധ്യത. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ തൊഴില്‍ നിയമത്തിന് അന്തിമരൂപം നല്‍കുന്നത്. ചര്‍ച്ചയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവ്തകരണം ശക്തിപ്പെടുത്തുവാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു.

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്ന് മന്ത്രി ആവശ്യപെട്ടു. ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ രണ്ടേകാല്‍ ലക്ഷം സ്വദേശികള്‍ ജോലി ചെയ്തു വരുന്നു. ഇത് സ്വകാര്യ മേഖലയിലെ മൊത്തം ജീവനക്കാരുടെ പന്ത്രണ്ടു ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം മസ്‌കത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ എട്ടര ശതമാനമാണ് സ്വദേശിവത്കരണ തോത്.