ഒമാന്‍ ജയിലില്‍ നിന്ന് മോചിതനായി ഷൈജു കല്ല്യാണ പന്തലിലെത്തി;തുണയായത് മന്ത്രി എ.സി മൊയ്തീന്റെ ഇടപെടല്‍

തൃശൂര്‍: ദുരിത ദിനങ്ങള്‍ക്കൊടുവില്‍ ഇരുളടഞ്ഞ തടവറിയില്‍ നിന്നും ഷൈജു ഇസ്മായില്‍ കല്ല്യാണപന്തലിലെത്തി. മന്ത്രി എ.സി മൊയ്തീന്റെ ഇടപെടലാണ് ഈ യുവാവിന് തുണയായത്. മൂന്ന് മാസം മുമ്പാണ് ജോലിക്കായി ഷൈജു ഒമാനിലേക്ക് പോയത്.

ജനുവരി 12 പാലക്കാട് മംഗലം സ്വദേശിനിയായ യുവതിയുമായി ഷൈജുവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഷൈജുവിന്റെ പാസ്‌പോര്‍ട്ട് നഷ്ടമാവുകയും തടര്‍ന്ന് പോലീസ് പരിശോധനയില്‍ ഒമാനിലെ സോഹാര്‍ ജയിലിലാകുകയുമായിരുന്നു. 12 ദിവസത്തോളം ജയിലില്‍ കഴിയേണ്ടിയും വന്നു.

അതെസമയം ജനുവരി 12 ന് നിശ്ചയിച്ച കല്ല്യാണം എന്ത് ചെയ്യുമെന്നറിയായ ഇരു വീട്ടുകാരും കുഴങ്ങി. ഇതിനിടെ പല വഴിക്കും ഷൈജുവിനെ പുറത്തിറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ജനുവരി 9 ന് വ്യവസായ മന്ത്രി എ സി മൊയ്തീനെ കണ്ട് വിവരം ധരിപ്പിച്ചു. ഇതെതുടര്‍ന്ന് രണ്ട് ദിവസം മന്ത്രി തുടര്‍ച്ചയായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ഷൈജുവിന്റെ മോചനത്തിനായി ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഷൈജുവിന് മോചനം ലഭിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ ഷൈജു നാട്ടിലെത്തിയതോടെ ആശങ്കകള്‍ക്ക് വിരമമാവുകയും വിവാഹം മംഗളമായി നടക്കുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ മന്ത്രി എ.സി മൊയ്തീനോട് നവദമ്പതികള്‍ കണ്ണീരോടെ നന്ദിപറഞ്ഞു.