ഇറാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനികള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും

മസ്‌കത്ത്: ഇറാന്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഒമാനികള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വിസ ലഭിക്കുന്നതരത്തിലുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഇറാന്‍ എംബസി വക്താവ് അറിയിച്ചു. ഇത് ഒമാനുമായുള്ള വാണിജ്യ നടപടികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിസാ നടപടികള്‍ വേഗത്തിലാക്കിയത്.

ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 15 ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അംബാസഡറുടെ ഡെപ്യൂട്ടിയായ മുഹമ്മദ് തൗതഞ്ചി അറിയിച്ചു. ഒമാനില്‍നിന്ന് നിരവധി പേരാണ് ഇറാനിലേക്ക് പോകുന്നത്. ഇതുവരെ മുപ്പതിനായിരത്തോളം വിസകളാണ് ഒമാനികള്‍ക്ക് ഇറാന്‍ എംബസിയില്‍നിന്ന് നല്‍കിയത്.

വാണിജ്യ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും ചികിത്സക്കും തീര്‍ഥാടനത്തിനുമൊക്കെയായാണ് ഒമാനികള്‍ ഇറാനിലേക്ക് പോകുന്നത്.
നേരത്തേ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നുമുതല്‍ രണ്ടു ദിവസം വരെ എടുത്തിരുന്നതായും മുഹമ്മദ് പറഞ്ഞു. കൂടുതല്‍ ഇറാനിയന്‍ കമ്പനികളും ഒമാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. ഇത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കാന്‍ കാരണമാകും.