ഇന്ത്യക്ക്‌ ചരിത്രനേട്ടം;ദീപ കര്‍മാക്കര്‍ ഫൈനലില്‍

dipa karmakarറിയോ ഡി ജെനെയ്‌ റോ: ഒളിമ്പിക്‌സ്‌ ജിംനാസ്‌റ്റിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച്‌ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍. ആദ്യാമായി ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ്‌ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ യോഗ്യത നേടി. എട്ടാം സ്ഥാനക്കാരിയായാണ് ദീപയുടെ ഫൈനല്‍ പ്രവേശം. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം.

ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്നത്.അണ്‍ഇവന്‍ ബാര്‍, ബാലന്‍സ്‌ ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലും ദീപ മത്സരിച്ചെങ്കിലും പ്രകടനം നന്നായില്ല.എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്ങില്‍ ഇന്ത്യ തൊട്ടതെല്ലാം പിഴച്ചു.

വനിതകളുടെ അമ്പെയ്ത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയെങ്കിലും റഷ്യയോട് തോറ്റു. വനിതാ ഹോക്കിയില്‍ ജപ്പാനെതിരെ 2–2 സമനില നേടി. ജിംനാസ്റ്റിക്സില്‍ ആദ്യമായി മത്സരിച്ച ദിപ കര്‍മാകര്‍  വോള്‍ട്ട് ഇനത്തിലെ യോഗ്യതാ റൌണ്ടില്‍ ആറാം സ്ഥാനത്തെത്തി.

ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദു പതിനാലാമതായി. പുരുഷ വിഭാഗം ട്രാപ്പ് ഇനത്തില്‍ പ്രാഥമിക റൌണ്ട് പുരോഗമിക്കുമ്പോള്‍ മാനവ്ജിത്ത് സിങ്ങ് സന്ധു പതിനേഴും കൈനാന്‍ ചെനായ് പത്തൊമ്പതും സ്ഥാനത്താണ്.

ദീപികാ കുമാരി, ബൊംബയ്ല ദേവി, ലക്ഷ്മിറാണി മാജി എന്നിവര്‍ ഉള്‍പ്പെട്ട അമ്പെയ്ത്ത് ടീം കൊളംബിയയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
ടെന്നീസില്‍ ലിയാന്‍ഡര്‍ പെയ്സ്–ബൊപ്പണ്ണ സഖ്യത്തിനു പിന്നാലെ സാനിയ മിര്‍സ–പ്രാര്‍ഥന സഖ്യവും ആദ്യറൌണ്ടില്‍ തോറ്റു. ടേബിള്‍ ടെന്നീസില്‍ മൌമാ ദാസ്, മണിക ബത്ര, അചന്ദ ശരത് കമല്‍, സൌമ്യജിത്ത് ഘോഷ് എന്നിവര്‍ ആദ്യറൌണ്ടില്‍ മടങ്ങി. വനിതകളുടെ ഭാരോദ്വഹനം  48 കിലോ വിഭാഗത്തില്‍ മീരാബായ് ചാനു നിരാശപ്പെടുത്തി.

നീന്തല്‍ക്കുളത്തില്‍ മൂന്നു ലോക റെക്കോഡുകള്‍ പിറന്നു. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില്‍ ഹംഗറിയുടെ കടിന്‍ക ഹൊസ്സു പുതിയ  സമയം കുറിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ബ്രിട്ടന്റെ ആദം പീറ്റിയും വനിതകളുടെ 4–100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഓസ്ട്രേലിയന്‍ ടീമും പുതിയ സമയം രേഖപ്പെടുത്തി. പുരുഷഹോക്കിയില്‍ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. ഷൂട്ടിങ്ങില്‍ ഗഗന്‍ നരംഗ്, അഭിനവ് ബിന്ദ്ര എന്നിവര്‍ തോക്കെടുക്കും. നീന്തലില്‍ മലയാളിതാരം സജന്‍ പ്രകാശ്, ശിവാനി കട്ടാരിയ എന്നിവര്‍ മത്സരിക്കും.