ഓഖി ലക്ഷദ്വീപ് തീരത്തേക്ക് ;കാറ്റും മഴയും ശക്തം 

തിരുവനന്തപുരം: തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങി. അതെസമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ആകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച് കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഊര്‍ജിതമാക്കി. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല.

തിരുവനന്തപുരം കൊല്ലം തീരങ്ങളില്‍ കരയിടിച്ചിലും കടല്‍ ക്ഷോഭവും തുടരുന്നു. നിലവില്‍ മഴ കുറവുണ്ടെങ്കിലും ശക്തമായിട്ടുള്ള മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 825 പേരെ കന്യാകുമാരിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു. നെയ്യാര്‍ ഡാമില്‍ സംഭരണ ശേഷിയെക്കാള്‍ കൂടുതല്‍ വെള്ളമെത്തി

കനത്ത മഴയില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി എട്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്.

തിരുവനന്തപുരം വിഴിഞ്ഞത്ത് മരം വീണ് അല്‍ഫോണ്‍സാമ്മയെന്ന സ്ത്രീയാണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.