നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ്;പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

കൊച്ചി : നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ ഉതുപ്പിനെ നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 3.30ന് സിബിഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഉതുപ്പ് വര്‍ഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അല്‍ സറാഫ മാന്‍പവര്‍ കണ്‍സറ്റന്റ്സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണു ഉതുപ്പ് വര്‍ഗീസ്. 300 കോടി രൂപയോളം തട്ടിപ്പ് നടന്ന നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്.

19,500 രൂപ ഫീസ് വാങ്ങി നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ നേടിയ ഉതുപ്പ് ഉദ്യോഗാര്‍ഥികളില്‍ നിന്നു 19.50 ലക്ഷം രൂപ ഇടാക്കി വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. 1629 നഴ്സുമാരില്‍ നിന്നായാണ് പണം തട്ടിയത്. പ്രൊട്ടക്ടര്‍ ഓഫ് എമ്രിഗന്റ്സ് അഡോള്‍ഫ് മാത്യു ആണ് ഒന്നാം പ്രതി. ഇങ്ങനെ കൈവശപ്പെടുത്തിയ 300 കോടി രൂപ ഹവാലയായി ദുബായിലേക്കു കടത്തിയ കേസും ഇപ്പോള്‍ നിലവിലുണ്ട്.