നഴ്‌സുമാരുടെ ശമ്പളം;മാനേജുമെന്റുകളുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകളുടെ ആവശ്യം നേരത്തെ തന്നെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ തങ്ങളോട് ചോദിക്കാതെയായിരുന്നു നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചതെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ വേതനം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.