ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കാനാകില്ല: എന്‍.ശ്രീനിവാസന്‍

N_Srinivasanദില്ലി: സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ തന്റെ നിലപാടിലുറച്ച് എന്‍ ശീനിവാസന്‍. തന്നെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാനാകില്ലെന്ന് എന്‍ ശ്രീനിവാസന്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തന്നെ നിര്‍ബന്ധിച്ച് അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കാന്‍ കഴിയില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ശ്രീനിവാസന്‍ സുപ്രീം കോടതിയുടെ ആവശ്യം തള്ളിക്കൊണ്ട് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ബിസിസിഐയുടെ പിന്തുണയോടെയാണെന്നാണ് സൂചന.

ഐപിഎല്‍ വിവാദത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ സ്വയം രാജിവെച്ച് പോകാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീനിവാസനെ മാറ്റാന്‍ ഉത്തരവിടുമെന്നും എന്തിനാണ് അദേഹം കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നുമാണ് കോടതി അദേഹത്തോട് ചോദിച്ചത്.
ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതി ശ്രീനിവാസന്‍ രാജിവെക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.