+92, +375 നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കരുത്

Untitled-1 copyബെംഗളൂരു: മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചില തട്ടിപ്പുകളെപ്പറ്റി മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്തെത്തി. . +92, +375 എന്നീ നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കരുതെന്നും മിസ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിയ്ക്കരുതെന്നുമാണ് ട്രായ് നല്‍കുന്ന മുന്നറിയിപ്പ്.

‘വണ്‍ റിങ് സ്‌കാം’ എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിയ്ക്കുകയാണ് ഇത്തരം നമ്പരുകളിലൂടെ. +216 എന്ന നമ്പരില്‍ നിന്ന് വന്ന മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ച് രണിത എന്ന വീട്ടമ്മയ്ക്ക് തന്റെ മൊബൈല്‍ ബാലന്‍സില്‍ നിന്നും 60 രൂപയാണ് നഷ്ടമായത്. രണിത മാത്രമല്ല ഒട്ടേറെ ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്.

മിസ്ഡ് കോള്‍ കണ്ടാല്‍ തിരികെ വിളിയ്ക്കാനുള്ള പ്രവണതയുള്ളവരാണ് അധികം ആളുകളും. ഇത്തരം കോളുകള്‍ പലപ്പോഴും അഡള്‍ട്ട് സൈറ്റുകളിലേക്ക് ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുും. മാത്രമല്ല ‘പ്‌ളീസ് കോള്‍ മീ ദിസ് ഈസ് അര്‍ജന്റ്’ എന്നിങ്ങനെയുള്ള സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കും. തിരികെ വിളിച്ചാലോ ബാലന്‍സ് പോകുന്നതുള്‍പ്പടെ പല കെണികളിലുമാണ് അകപ്പെടുന്നത്.

ആഫ്രിക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘമാണ് ഇത്തരം കോള്‍ തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് മുന്‍പ് കണ്ടെത്തിയതായി എയര്‍ടെല്‍ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ശരത് തേജസ്വി പറഞ്ഞു. ഇത്തരം കോളുകള്‍ അവഗണിയ്ക്കുകയാണ് തട്ടിപ്പിനിരയാകാതിരിയ്ക്കാനുള്ള മാര്‍ഗം.