നിയാസ് ; ഇച്ഛാശക്തിയുടെ വിജയഗാഥ

അത്രയൊന്നും പുതിയതല്ലാത്ത കടല്‍ക്കാറ്റും, ഐസുവെള്ളത്തിന്റെ ശീതലുംപാറി തുരുമ്പെടുത്തു തുടങ്ങിയ പഴയ സ്‌പോര്‍ട്‌സ് സൈക്കിള്‍. ആ സൈക്കിള്‍ ചക്രങ്ങളുടെ വേഗതയ്ക്കിടയിലേക്ക്
മനസുകൊളുത്തിയിട്ടതും, മോഹങ്ങള്‍ക്ക് വേഗം വെച്ച് തുടങ്ങിയതും ആ യാത്രയില്‍ തന്നെയായിരുന്നു. യുവ വ്യവസായ പ്രതിഭക്കുള്ള പഴശ്ശിരാജാ അവാര്‍ഡ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ നിയാസ് പുളിക്കലകത്ത് എന്ന പരപ്പനങ്ങാടിക്കാരന്റെ മനസ്സില്‍ പഴയ സ്‌പോര്‍ട്‌സ് സൈക്കിളിന്റെ മണിമുഴങ്ങിയിരുന്നു.

മനസ്സിലേക്ക് ബിസിനസിന്റെ തോന്നലുകള്‍ കടന്നുവന്നകാലം, അന്നൊക്കെ സ്‌കൂള്‍ വിട്ടുവന്നാല്‍ വല്യുപ്പാന്റെ ഐസ് കമ്പനിയില്‍ പോവും. ആരും നിര്‍ബന്ധിച്ചിട്ടൊന്നുമല്ല, സ്വയം തോന്നിയതാണ്. അങ്ങനെയാണ് തുടക്കം. ശരിക്കും പറഞ്ഞാല്‍ വല്യുപ്പയായിരുന്ന റോള്‍ മോഡല്‍. പുലര്‍ച്ചെ പള്ളിയില്‍ പോവുമ്പം തുടങ്ങും വല്യുപ്പാന്റെ ഒരു ദിവസം. നട്ടപ്പാതിരക്ക് അരിം സാമാനോം കോലായിലെ തിണ്ണയിലേക്ക് എറക്കിവെക്കണതോടെ തീരുന്ന ഒരു നീണ്ട പകല്‍. നീണ്ട പകലും, അര്‍ദ്ധരാത്രിയും, പാതിയുറക്കവും ചേര്‍ത്തു തുന്നിയാലെ അങ്ങനെയൊരു വല്ല്യുപ്പ ഉണ്ടാവൂ. അത് മനസുകൊണ്ടറിഞ്ഞാണ് നിയാസും വളര്‍ന്നത്.

പരപ്പനങ്ങാടീന്ന്, കൂട്ടായി കടപ്പുറത്തേക്ക് സൈക്കിളില്‍ ചവിട്ടിപ്പായിച്ചാണ് ആ യാത്ര തുടങ്ങിയത്. സ്‌കൂള്‍ വിട്ടുവന്നാല്‍ വൈകുന്നേരത്തോടെ കൂട്ടായിലെ ഐസ് കമ്പനിയിലേക്ക് പുറപ്പെടും അവിടെ എത്തുമ്പോഴേക്കും നേരം ഇരുട്ടീട്ടുണ്ടാവും. കളക്ഷന്‍ ആവുമ്പോഴേക്കും രാത്രിയും. അതിനിടയില്‍ ഐസ് ബ്ലോക്ക് പൊട്ടിച്ചുകൊടുത്ത ഒരു ബ്ലോക്ക് ഐസിന് ഇരുപത്തിയഞ്ച് പൈസ അധികം കിട്ടും. ആദ്യമായി കിട്ടിയ ലാഭം, പൂര്‍ണ്ണ ചന്ദ്രനോളം വളര്‍ന്നു ഇരപത്തിയഞ്ചിന്റെ നാണയം. അതു തന്നെയായിരുന്നു ഈ സാഹസത്തിന്റെ പിന്‍ബലവും. തണുത്തു തുടങ്ങിയ തീരക്കാറ്റിലൂടെ നിലാവത്ത് കടലോരത്തെ വിജനമായ റോഡിലൂടെ തിരിച്ചു പോവുന്ന സൈക്കിള്‍ സവാരിയില്‍ അയാളിലെ കച്ചവടക്കണ്ണ് തെളിയുകയായിരുന്നു.
ഫാര്‍മസിസ്റ്റായിരുന്ന ബാപ്പയ്ക്ക് മകനെ ഡോക്ടറാക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. ചില്ലലമാരയിലെ മരുന്നുകുപ്പികള്‍ മകന്റെ കൈപ്പടയിലെ പ്രിസ്‌ക്രിപ്ഷന്‍ ചീട്ടിലെ മരുന്നിന് തിരയുന്നത് അയാള്‍ ഒരു പ്രൊഫഷണല്‍ സാറ്റിസ്‌ഫേക്ഷനോടെ മനസ്സില്‍ കണ്ടു. സെക്കന്റ് ഗ്രൂപ്പിന് അവസരം കിട്ടിയിട്ടുപോലും പക്ഷെ അങ്ങനെ സംഭവിച്ചില്ല. കാലം കച്ചവടത്തിന്റെ മന്ത്രം മൂളുന്ന കാറ്റായി അയാളില്‍ ചുറ്റിതിരിഞ്ഞു. കരയിലും, കടലിലും, ദ്വീപ് കയറിയും ചുറ്റിതിരിയുന്ന ചുരുളന്‍ കാറ്റായി……

വല്യുപ്പാന്റെ ഐസ് കമ്പനിയും, മൂത്തപ്പാന്റെ തുണിപ്പീടികയും അയാളുടെ സ്വപ്നമാവുകയായിരുന്നു. രാത്രിയില്‍ അങ്ങാടി നിറയെ ട്യൂബ് വെളിച്ചം പരത്തുന്ന, ആളെ മുഴുവനായും, കാണുന്ന കണ്ണാടിയുള്ള ഒരൊറ്റപീടികയെ അന്ന് അഞ്ചപ്പുര അങ്ങാടിയിലുള്ളൂ. ഒഴിവുള്ളപ്പോഴെല്ലാം കടേല് വല്യ
പത്രാസോടെ തുണിമുറിച്ച് കൊടുക്കാന്‍ സഹായിക്കും. ആളെ കുപ്പീലാക്കണെ മൂത്താപ്പാന്റെ പത്താമത്തെ രസം പഠിക്കാന്‍.

പനിയോ, ജലദോഷോ വരുമ്പം മാത്രം കാണുന്ന നഹ ഡോക്ടറേക്കാള്‍ കേമത്തം ഉണ്ടോ? അഞ്ചപ്പുര അങ്ങാടീലെ മൂത്താപ്പാന്റെ കസേരക്ക് അങ്ങനെ തോന്നി തുടങ്ങിയത് സ്വാഭാവികവുമാവാം. അപ്പോഴും ബാപ്പയുടെ മോഹം ഉള്ളില്‍ നീറികിടന്നിരുന്നു. ഡോക്ടറേക്കാള്‍ വല്ല്യ ഡോക്ടറാവണംന്ന് തോന്നിപ്പോയതും അതുകൊണ്ടാവാം. അതിന്റെയൊരു തര്‍ജ്ജമ തന്നെയാവണം, ഇന്ന് ഇന്ത്യയിലും, വിദേശത്തും പ്രവര്‍ത്തിക്കുന്ന ഹൈ ടെക് ഹോസ്പിറ്റല്‍ ശൃംഖലകളുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ നിയാസിനെ നയിച്ചതും ഈ നീറ്റലിന്റെ നോവായിരിക്കാം. ബാപ്പയുടെ സ്വപ്നവുമായിരിക്കാം.

ഇന്ന് റിസര്‍വ്വ് ബേങ്കിനു പോലും വേണ്ടാതായി പോയ ഇരുപത്തിയഞ്ച് പൈസാ തുട്ടുകള്‍ കൂട്ടിവെച്ചാണ് തുടങ്ങിയത്. അന്നൊക്കെ മാര്‍ക്കറ്റില്‍ പോയി ഉടുമുണ്ട് മടക്കികുത്തി ഐസ് പൊട്ടിക്കും. ഈ ഇരുപത്തിയഞ്ച് പൈസയാണ് ഒരു ബ്ലോക്ക് ഐസിന്റെ ലാഭം. അഭിമാനത്തോടെ നീട്ടിപിടിച്ച കൈവെള്ളയിലേക്ക് അധികമായി അടര്‍ന്നുവീണ ഈ നാണയം നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു. പിന്നെ… പിന്നെ അത് കയ്യില്‍കിടന്ന് പെരുകുന്ന അത്ഭുതം കാട്ടി മെല്ലെ… മെല്ലെ… ആളുകളില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് കച്ചവടത്തില്‍ നിന്ന് കച്ചവടക്കൂട്ടങ്ങളിലേക്ക് അയാള്‍ പരന്നൊഴുകയായിരുന്നു.

ദക്ഷിണേന്ത്യ മുഴുവന്‍ അയാളുടെ വാഹനം സംസ്ഥാനങ്ങള്‍ മാറി മാറി ഓടി. ഡ്രൈവിംഗ് ഒരു ക്രേസ് ആയതിനാല്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ഒരു കാവ്യം പോലെ ഓടിച്ചു തീര്‍ത്തു. അയാള്‍ കടന്നുപോയിടത്തെല്ലാം അയാളുടെ കയ്യൊപ്പു പതിഞ്ഞു. ആറായിരത്തോളം വരുന്ന പ്രമാണങ്ങളില്‍ തള്ളവിരലിലെ നിഗൂഢ രേഖകള്‍ പതിച്ച് ഭൂമിയുടെ കച്ചവടക്കാരനായി അതില്‍ ചരിത്രം അടയാളമിട്ട എന്തെന്തു മണ്ണിന്റെ …സ്മൃതികളുടെ….. ഉടമയുമായി.

നഗരവും, ഗ്രാമവും വേര്‍തിരിക്കുന്ന അതിര്‍ത്തി ദാരിദ്ര്യത്തിന്റെതു കൂടിയാണെന്ന് ഓടിതീര്‍ന്ന യാത്രകളില്‍ തെളിഞ്ഞു വരികയായിരുന്നു. ഗുണ്ടല്‍ പേട്ടയിലും, വയനാട്ടിലും ഗ്രാമങ്ങള്‍
ദത്തെടുക്കുവാന്‍ തുടങ്ങിയത് അങ്ങനെയായിരുന്നു. തോട്ടങ്ങളില്‍ ആളുകള്‍ പുഴുക്കളെപോലെ ജീവിക്കുന്നു. കാടിറങ്ങിയിട്ടും മനസടങ്ങിയില്ല. ആ ഗ്രാമങ്ങള്‍ ദത്തെടുത്ത് ഭക്ഷണത്തിനും, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തിനും സ്വന്തമായി ഫണ്ട് കണ്ടെത്തുകയായിരുന്നു. ഇന്ന് വരുമാനത്തിന്റെ നല്ലൊരു ശതമാനവും, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്നു. ഈശ്വരന്‍ കൊടുക്കുവാന്‍ മാത്രം തരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്നു.
പരപ്പനങ്ങാടിയില്‍ നിയാസ് ഇത്തരം കാര്യങ്ങളില്‍ പണ്ടു മുതല്‍ തന്നെ ശ്രദ്ധിച്ചിരുന്നു. രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗേഷന്‍, പുളിക്കലകത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴി അശരണരായ
കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ഓരോ മാസത്തേക്കുള്ളതും കൃത്യമായി എത്തിച്ചുകൊടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. യൂണിഫോമും, പുസ്തകവും ഇതിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ പ്രഥമ വനിതയില്‍ നിന്നും പ്രൗഢമായ സദസിനു മുന്നില്‍ അഭിമാനത്തോടെ “പഴശ്ശിരാജ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ഒരുപാട് പാവങ്ങളുടെ പ്രാര്‍ത്ഥന അനുഗ്രഹമായെത്തുന്നത് അയാളറിയുകയായിരുന്നു്.

അലാവുദ്ദീന്റെ അത്ഭുത പരവതാനി ഇവിടെ നിവര്‍ത്തിയിട്ടിരിക്കുന്നു. കച്ചവടത്തിന്റെ കുന്നുകളും, കിടങ്ങുകളും പറന്നു നടന്നു കാണുന്ന യുവപോരാളിക്കായി. ഇന്തോനേഷ്യയില്‍ നിന്നു ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണവും, ഇറക്കുമതിയും, മിഡില്‍ ഈസ്റ്റില്‍ ഹോസ്പിറ്റല്‍ ശൃംഖലകള്‍, സൗത്ത് ഇന്ത്യ മുഴുവന്‍ ഫ്രഷി എന്ന പുതിയ കച്ചവട സംരംഭം, ടാമറിന്റ് എന്ന പേരില്‍ കൊമേഴ്‌സ്യല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, അങ്ങനെ പോവുന്നു പുതിയ കാര്യങ്ങള്‍.

വേഗതയുടെ കാര്യവും, കാരണവും അവസ്ഥയും മാറുന്ന ശാസ്ത്രത്തിന്റെ പുതിയ സന്നിഗ്ധമായ ഈ ദശാസന്ധിയില്‍ ഈ യുവാവ് വേഗത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, ദയയുടെയും മിശ്രണമാവുന്നു.