നീറ്റാജലാറ്റിന്‍ ഓഫീസ്‌ അടിച്ചു തകര്‍ത്തു

ആക്രമണത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളെന്ന്‌ സംശയം

Untitled-1 copyകൊച്ചി: പനമ്പള്ളി നഗറിലെ നീറ്റാജലാറ്റിന്‍ ഓഫീസ്‌ അജ്ഞാതസംഘം അടിച്ചു തകര്‍ത്തു. ഓഫീസിന്‌ മുന്നിലെ വാഹനങ്ങളും തകര്‍ത്തു. മുഖംമൂടി ധരിച്ച ഒമ്പതംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. ഇന്ന്‌ രാവിലെ എട്ടരയോടെയാണ്‌ സംഭവം നടന്നത്‌. സംഭവ സ്‌ഥലത്തു നിന്നും മാവോയിസ്റ്റ്‌ ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്‌.

തദ്ദേശീയര്‍ക്ക്‌ തൊഴില്‍ കൊടുക്കാത്ത കമ്പനിക്കെതിരെ സായുധശക്തികൊണ്ട്‌ മറുപടി നല്‍കുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ലക്ഷകണക്കിന്‌ ലിറ്റര്‍ ജലമാണ്‌ കാതികൂടത്തുള്ള കമ്പനി ഉപയോഗിക്കുന്നതെന്നും ലഘുലേഖയില്‍ പറയുന്നു. പാര്‍ട്ടിയുടെ പത്താം വാര്‍ഷികം പോരാട്ടങ്ങളുടെ ആഘോഷമായി മാറ്റുമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്നും ലഭിച്ച ലഘുലേഖകളാണ്‌ മാവോയിസ്റ്റുകളാണോ ആക്രമണത്തിന്‌ പിന്നില്ലെന്ന സംശയം ബലപ്പെടുത്തുന്നത്‌. അവര്‍ സംസാരിച്ച ഭാഷകളും ഈ സംശയംബലപ്പെടുത്തുന്നു. എന്നാല്‍ പോലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കമ്പനിയുടെ കാതികൂടത്തെ ഫാക്‌ടറിക്കെതിരെ സമരം തുടരുന്നതിനിടെയാണ്‌ കൊച്ചിയിലെ ഓഫീസ്‌ അടിച്ചു തകര്‍ത്തത്‌. രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ കാതികൂടത്തെ ഫാക്‌ടറിക്കെതിരെ പ്രദേശവാസികള്‍ സമരം നടത്തുന്നത്‌.