നിതാഖത്ത് പാക്കേജിന് അംഗീകാരം: ക്രീമിലിയര്‍ പരിധി ഉയര്‍ത്താന്‍ തീരുമാനം

തിരു: നിതാഖത്ത് പ്രതിസന്ധിയില്‍ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിന് അംഗീകാരം. ക്രീമിലെയര്‍ പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇന്നലെ മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിതാഖത്ത് പാക്കേജിന് രൂപം നല്‍കിയത്. ഈ പാക്കേജ് പ്രകാരം നിതാഖത്ത് പ്രതിസന്ധി മൂലം തിരിച്ചുവരുന്നവരുടെ യാത്രാചെലവ് സംസ്ഥാന സര്‍്ക്കാര്‍ വഹിക്കും. കൂടാതെ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് സഹായം നല്‍കും.

ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ മൂന്ന് വരെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയവര്‍ക്കും നാടു കടത്തല്‍ കേന്ദ്രമായ തര്‍ഹിലില്‍ വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടിയവര്‍ക്കുമായിരിക്കും യാത്രാചെലവിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നവംബര്‍ മൂന്നിനാണ് നിതാഖത്ത് നിയമം നടപ്പാക്കുന്നതിന് സൗദി ഭരണകൂടം അനുവദിച്ചിട്ടുള്ള സമയം അവസാനിച്ചത്.