നിതാഖത് കര്‍ശനമാക്കുന്നു; കടുത്ത ശിക്ഷ

റിയാദ് : നിയമം ലംഘിച്ച് ഇനിയും സൗദിയില്‍ തുടരുന്ന പ്രവാസികളെ പിടികൂടുന്നതിനും, ശിക്ഷിക്കുന്നതിനുമുള്ള നിയമം കര്‍ശനമാക്കാന്‍ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 10 വ്യവസ്ഥകളും ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു.

സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് 10,000 റിയാല്‍ (1,60,900 രൂപ) പിഴ, നാടുകടത്തല്‍, കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 റിയാല്‍ (4,02,250 രൂപ) പിഴ, ഒരു മാസം തടവ്, നാടു കടത്തല്‍, വീണ്ടും കുറ്റം ചെയ്താല്‍ 50,000 റിയാല്‍( 8,04,500 രൂപ) പിഴ, ആറുമാസം തടവ്, നാടുകടത്തല്‍.
വിസാ കാലാവധി കഴിഞ്ഞവര്‍ക്കും 15,000 റിയാല്‍ ( 2.41,350 രൂപ) പിഴയും നാടുകടത്തലും, രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 റിയാല്‍ പിഴ, 3 മാസം തടവ്, നാടുകടത്തല്‍, കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴ, ആറുമാസം തടവ്, നാടുകടത്തല്‍.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒന്നാം തവണ15,000 റിയാല്‍ പിഴയും നാടുകടത്തലും ആവര്‍ത്തിച്ചാല്‍ 25,000 റിയാല്‍ പിഴ, 3 മാസം തടവ്, നാടുകടത്തല്‍, വീണ്ടും കുറ്റം ചെയ്താല്‍ 50,000 റിയാല്‍ പിഴ, 6 മാസം തടവ്, നാടുകടത്തല്‍. നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് ഒന്നാം തവണ 25,000 റിയാല്‍ പിഴയും, ആറുമാസം തടവും, വിദേശിയെങ്കില്‍ നാടുകടത്തുകയും ചെയ്യും.

നിയമം ലംഘിക്കുന്നവര്‍ക്കും ജോലിയോ വാഹന സൗകര്യമോ, അഭയമോ നല്‍കുന്നവര്‍ക്കും 15,000 റിയാല്‍ പിഴയും, വിദേശിയെങ്കില്‍ നാടുകടത്തലും, കുറ്റം ആവര്‍ത്തിച്ചാല്‍ 30,000 റിയാല്‍ പിഴയും, 3 മാസം തടവും, വിദേശിയാണെങ്കില്‍ നാടുകടത്തലും.

തൊഴിലാളി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തത് അറിയിക്കാന്‍ വൈകുന്ന തൊഴിലുടമക്ക് ആദ്യ തവണ 15,000 റിയാല്‍ പിഴയും വിദേശിയെങ്കില്‍ നാടുകടത്തലും, കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 റിയാല്‍ പിഴയും, 3 മാസം തടവും, നാടുകടത്തലും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും, 6 മാസം തടവും, നാടുകടത്തലും.

വിസാ കലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ത്ഥാടകരെ കുറിച്ചും, വിവരം നല്‍കാത്ത അജ്ജ് ഉമ്ര ഏജന്‍സികള്‍ക്കും ആദ്യതവണ 25,000 റിയാലും ആവര്‍ത്തിച്ചാല്‍ 50,000 റിയാലും, വീണ്ടും ഇതാവര്‍ത്തിച്ചാല്‍ 1 ലക്ഷം റിയാല്‍ പിഴയും ചുമത്തും.

നുഴഞ്ഞുകയറ്റക്കാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ആദ്യതവണ 50,000 റിയാല്‍ പിഴയും ഒരു വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 75,000 റിയാല്‍ പിഴയും, 2 കൊല്ലത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും സ്ഥാപനങ്ങളുടെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതിനോടൊപ്പം മേധാവിക്ക് ഒരു വര്‍ഷം തടവും വിദേശിയെങ്കില്‍ നാടുകടത്തലും.