Section

malabari-logo-mobile

നിപ പ്രതിരോധം: കേരളത്തിന് യു.പി.യില്‍ ആദരം 

HIGHLIGHTS : എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അ...

എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018 (ഇ.എം.എ. ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി.  ഉത്തര്‍ പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. നിപ വൈറസിനെ  ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിച്ച മികച്ച നേതൃത്വത്തിനാണ് പുരസ്‌കാരം നല്‍കിയത്.
ദീര്‍ഘ വീക്ഷണം, പിന്തുണ, സേവന സന്നദ്ധത, നേതൃത്വം എന്നിവയിലൂടെയാണ് ഈ സാഹചര്യം മറികടന്നതെന്നും അതിനാലാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ ആദരിച്ചതെന്നും എ.സി.ഇ.ഇ. ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ നിപയെ പ്രതിരോധിക്കാന്‍ കഴിഞ്ഞതിനെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രത്യേകം അഭിനന്ദിച്ചു.
അടിയന്തിര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെക്കുറിച്ച് മന്ത്രി പ്രഭാഷണം നടത്തി. കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ദീര്‍ഘ വീക്ഷണമുള്ള സര്‍ക്കാരുകള്‍ ആരോഗ്യ മേഖലക്കായി ചെയ്ത സേവനങ്ങള്‍ ആരോഗ്യ സൂചികയില്‍ കേരളത്തെ മുന്നിലെത്തിച്ചു. മാതൃമരണ നിരക്കും ശിശുമരണ നിരക്കും വളരെയധികം കുറച്ചു കൊണ്ടുവന്നു.  അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രാഥമികതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ മികവിന്റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷനും ഇ ഹെല്‍ത്തും ആവിഷ്‌കരിച്ചത്.  നിപ പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മന്ത്രി വിവരിച്ചു.
ഇ.എം. ഇന്ത്യ 2018 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇ.എം. ഇന്ത്യ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!