പനി;നഴ്‌സും മരിച്ചു; മരണസംഖ്യ 9 നിപാ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പനിബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മരിച്ചവരെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിയായ ലിനി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ ആശുപത്രി വളപ്പില്‍ സംസ്‌ക്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

ലിനി

കോഴിക്കോട് മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതില്‍ ഏഴു പേര്‍ മരിച്ചത് നിപാ വൈറസ് ലക്ഷണങ്ങളോടെയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മലപ്പുറത്ത് മരിച്ച നാലുപേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. നാദാപുരം ചെക്കിയാട്, കോഴിക്കോട് പാലാഴി എന്നിവിടങ്ങളില്‍ മസമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമുള്ള ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 25 പേര്‍ നിരീക്ഷണത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് കോഴിക്കോട് ക്യാമ്പ് ചെയ്യും.

രോഗ ലക്ഷണങ്ങള്‍

പനി, തലവേദന, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ്. എന്നാല്‍ ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം എന്നിവയുണ്ടാകാം. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കണം.

മുന്‍ കരുതലായി രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌ക്കും ധരിക്കണം, കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിച്ചിരിക്കണം.

വൈറസ് പനിയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Related Articles