വഴിക്കടവ് ചെക്‌പോസ്റ്റ് വഴി ഹെവി വാഹനങ്ങള്‍ക്ക് നിരോധനം

മലപ്പുറം:രാവിലെ എട്ട് മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 5.30 വരെയും ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ അല്ലാത്ത എല്ലാ ഹെവി വാഹനങ്ങള്‍ക്കും ജില്ലാ ദുരന്ത നിവാരണ സമിതി ജനുവരി 10 മുതല്‍ വഴിക്കടവ് ചെക് പോസ്റ്റ് വഴി പ്രവേശനം നിരോധിച്ചു. മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്റ്റര്‍ അമിത് മീണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

വയനാട് ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അത്തരം വാഹനങ്ങള്‍ കൂടുതലായി നാടുകാണി ചുരത്തിലൂടെ ജില്ലയിലെത്തുന്നുണ്ട്. സ്‌കൂള്‍ ബസ്സുകളും മറ്റും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഗതാഗത തിരക്കുള്ള സമയങ്ങളില്‍ ഇവ ഓടുന്നത് കൂടുതല്‍ അപകടങ്ങളുണ്ടാക്കുമെന്നത് കൊണ്ടാണ് നിരോധനം. രാവിലെയും വൈകിട്ടും അത്തരം വാനനങ്ങള്‍ക്ക് ജില്ലയില്‍ മൊത്തം നിരോധനമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട് നല്‍കാന്‍ ആര്‍.ടി ഒ യെ ചുമതലപ്പെടുത്തി.

സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് താലൂക്ക് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ പരിശോധനയും നടത്താനും യോഗം തീരുമാനിച്ചു. ഇതിനായി ഡി എം ഒ, ആര്‍ ടി ഒ, എന്നിവരെ ചുമതലപ്പെടുത്തി. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്, ഓവര്‍ലോഡ്, ഡ്രൈവര്‍മാരുടെ പ്രവൃത്തി പരിചയം, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവ കര്‍ശനമായി പരിശോധിക്കാനും മോേട്ടാര്‍ വാഹന വകുപ്പിന് ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി.