നിലമ്പൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കിട്ടി

മലപ്പുറം: ശക്തമായ കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടവണ്ണ ചെമ്പന്‍കുത്ത് പൊന്നാകുന്ന് കോളനിയിലെ മഞ്ചേരിയന്‍ ചാത്തന്റെ മകന്‍ രാജ(45)ന്റെ മൃതദേഹമാണ് വെണ്ണക്കോട് പാലത്തിന് സമീപം കണ്ടെത്തിയത്. നിലമ്പൂര്‍ ചാലിയാറില്‍ ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് രാജന്‍ ഒഴുക്കില്‍പ്പെട്ടത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെണ്ണക്കോട് തടയണക്കുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കെ പുഴയിലിറങ്ങിയ രാജന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

സന്ധ്യയാണ് രാജന്റെ ഭാര്യ. മക്കള്‍: അഞ്ജന രാജ്, സഞ്ജീവ് രാജ്, ഋതിക. സഹോദരങ്ങള്‍: കൃഷ്ണന്‍കുട്ടി, സുരേഷ്ബാബു,  ശൈലജ, വിലാസിനി.

നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട മൈലമ്പാറ ലക്ഷംവീട് കോളനിയിലെ രമേശി (21)നെ ഇനിയും കണ്ടെത്താനായിട്ടില്ല. നെടുങ്കയം ചെക്ക് പോസ്റ്റിനുസമീപം കരുമ്പുഴയും ചെറുപുഴയും ചേരുന്ന വളയംകോട്ട് ഭാഗത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുമ്പോള്‍ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ്് രമേശ് അപകടത്തില്‍പ്പെട്ടത്. അക്കരക്ക് നീന്തവെ ഒഴുക്കില്‍പ്പെടുകയായിരുന്നു.