നിലമ്പൂര്‍ ആരോഗ്യ കേരളം പുരസ്‌ക്കാരം ഏറ്റുവാങ്ങി

nilambur-health-awardതിരു:സംസ്ഥാനത്തെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭക്കുള്ള ആരോഗ്യകേരളം പുരസ്‌ക്കാരം നിലമ്പൂര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ മുജീബ്‌ ദേവശേരി, കൗണ്‍സിലര്‍മാര്‍, സൗഖ്യം നോഡല്‍ ഓഫീസര്‍ ഡോ. അനീന എന്നിവര്‍ അടങ്ങുന്ന സംഘമാണ്‌ ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവത്തില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്‌. അവാര്‍ഡ്‌ തുകയായ 10 ലക്ഷം രൂപയുടെ ചെക്ക്‌ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും സെക്രട്ടറി കെ.പ്രമോദും ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി വി.എസ്‌ ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. എസ്‌. ജയശങ്കര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി ജെയിംസ്‌ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശാ വളണ്ടിയര്‍മാരും അടങ്ങുന്ന സംഘം അവാര്‍ഡ്‌ ദാന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു.

പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികിത്സയും മരുന്നും നല്‍കിയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ നിലമ്പൂരിന്‌ പുരസ്‌ക്കാരം ലഭിച്ചത്‌. ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതി, നഗരസഭയിലെ പാവപ്പെട്ടവര്‍ക്ക്‌ ജില്ലാ അശുപത്രിയില്‍ നിന്നും പുറത്തേക്കെഴുതുന്ന മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന്‌ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച സൗഖ്യം മരുന്നു വിതരണ കേന്ദ്രം എന്നിവ പരിഗണിക്കപ്പെട്ടു . ഒപ്പത്തിനൊപ്പം പദ്ധതിയില്‍ പട്ടികജാതി, ഗോത്രവര്‍ഗ കോളനികളിലെ മുഴുവന്‍ പേരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിരുന്നു. കോളനികളിലെ കുട്ടികള്‍ക്ക്‌ കമ്യൂണിറ്റി കിച്ചണ്‍ വഴി പ്രഭാത ഭക്ഷണം മുടങ്ങാതെ നല്‍കുന്നു. പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ആശുപത്രിയില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്കായി ഒരുക്കിയ സൗജന്യ ഡയാലിസിസ്‌ കേന്ദ്രം ഇന്ന്‌ 12 മെഷീനുകളുമായി വലിയ സെന്ററായി. പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി വര്‍ഷം തോറും 47.55 ലക്ഷത്തോളം രൂപ സമാഹരിച്ചാണ്‌ നഗരസഭ ഡയാലിസിസസ്‌ കേന്ദ്രം വിജയകരമായി നടത്തുന്നത്‌.
ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നഗരത്തില്‍ വിശന്നിരിക്കുന്നവര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പു രഹിത നഗരം പദ്ധതിയനുസരിച്ച്‌ ചോറ്‌, സാമ്പാര്‍, കറി, അച്ചാര്‍ എന്നിവ അടങ്ങുന്ന ഭക്ഷണം ദിവസവും 600 റില്‍പരം പേര്‍ക്കാണ്‌ വിളമ്പുന്നത്‌. ആര്‍.എസ്‌.ബി.വൈ കാര്‍ഡുള്ളവര്‍ക്ക്‌ 60,000 രൂപയുടെ അധിക ചികിത്സകൂടി ലഭിക്കുന്ന ആയുഷ്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയും നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്‌. പ്രധാന സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭിക്കും.
ജില്ലാ ആശുപത്രിയില്‍ പുതിയ കുട്ടികളുടെ വാര്‍ഡ്‌, ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ്‌, വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ആധുനിക ഐ.സി.യു, ജില്ലയിലെ ആദ്യത്തെ കാരുണ്യ ഫാര്‍മസി എന്നിവയും നഗരസഭ യാഥാര്‍ത്ഥ്യമാക്കി. ഇത്തരത്തിലുള്ള സേവനങ്ങളെല്ലാം പരിഗണിച്ചാണ്‌ സംസ്ഥാനത്തെ മികച്ച ആരോഗ്യപ്രവര്‍ത്തനം നടത്തിയ നഗരസഭക്കുള്ള പുരസ്‌ക്കാരം നിലമ്പൂരിനു ലഭിച്ചത്‌.