എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്‌ ഹൈസ്‌കൂളും ഹയര്‍സെക്കന്ററിയും ഒറ്റ കാമ്പസാക്കുംഃ മന്ത്രി.പി.കെ.അബ്‌ദുറബ്ബ്‌

abdu-rubb1കോഴിക്കോട്‌: നാശോന്മുഖമായ മേരിക്കുന്ന്‌ എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്‌ ഗവ.ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി ഹൈസ്‌കൂള്‍ കെട്ടിടം എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്‌ ഹയര്‍സെക്കന്ററി കാമ്പസിനോട്‌ ചേര്‍ക്കുന്നകാര്യം പരിഗണിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ പറഞ്ഞു. ഇതിനായി ഹയര്‍സെക്കന്ററി സ്‌കൂള്‍ കാമ്പസിനോടു ചേര്‍ന്നുള്ള പൊതുമരാമത്ത്‌ വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ പൊതുമരാമത്ത്‌ മന്ത്രിയോട്‌ ആരായും. എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാദായകരമായ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫോക്കസ്‌ പദ്ധതിയിലുള്‍പ്പെടുത്തി 1000 സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ഓരോ നിയമസഭാ മണ്‌ഡത്തിലും സ്‌കില്‍ പാര്‍ക്കുകള്‍ക്ക്‌ രൂപം നല്‍കും.
ഒരു കോടിയോളം രൂപ ചെലവിട്ട്‌ നിര്‍മ്മിച്ച കെട്ടിടത്തില്‍ മൂന്ന്‌ ലബോറട്ടറികള്‍, മള്‍ട്ടിമീഡിയ ഹാള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ശുചിമുറികള്‍, സ്റ്റാഫ്‌ റൂം എന്നിവയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. എ.പ്രദീപ്‌ കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ സജ്ജീകരിച്ച മള്‍ട്ടിമീഡിയ ഹാളിന്റെയും അസാപ്‌ കോഴ്‌സിന്റെയും ഉദ്‌ഘാടനം മേയര്‍ എ.കെ.പ്രേമജം നിര്‍വ്വഹിച്ചു.
.
ചടങ്ങില്‍ എ.പ്രദീപ്‌കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.ബാലഗോപാലന്‍, കെ.സി.ശോഭിത, കെ.ടി.പത്മ, ടി.പി.എം.സാഹിര്‍, പി.ചന്ദ്രന്‍, സതീഷ്‌.കെ.എന്‍, സാജുദ്ദീന്‍.പി.എ, എ.നൗഷാദ്‌, സി.ചേക്കുട്ടി ഹാജി, ജിന്‍സി ജോര്‍ജ്ജ്‌, സദാനന്ദന്‍ മാസ്റ്റര്‍, വി.ടി.സത്യന്‍, പി.എം.കോയ, പി.വിശ്വനാഥന്‍, സുധീര്‍ നമ്പീശന്‍, പി.അരവിന്ദന്‍, ബാബു പാറപുറത്ത്‌, ബാലന്‍ പുന്നശ്ശേരി, പി.സി.ജോര്‍ജ്‌കുട്ടി സംസാരിച്ചു.