ആരാകും അടുത്ത നിയമസഭ സ്പീക്കര്‍?

Speakerതിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പുതിയ സ്പീക്കറായി യു ഡി എഫിലെ എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെടും. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ ശക്തനെ മത്സരിപ്പിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് തങ്ങള്‍ ലഘുവായി കാണുന്നില്ല എന്ന സൂചനയാണ് എല്‍ ഡി എ നേതൃത്വം നല്‍കുന്നത്. എ. കെ.ബാലനെ എല്‍ ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കാന്‍ സാധ്യത തെളിഞ്ഞത്. വ്യാഴാഴ്ച രാവിലെ 9.30-നാണു സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നാണു സ്പീക്കര്‍ സ്ഥാനം ഒഴിവ് വന്നത്. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനുതന്നെ നല്‍കാന്‍ യു.ഡി.എഫ്. യോഗം തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. അതേസമയം ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് കേരള കോണ്‍ഗ്രസ് (എം) അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് യു ഡി എഫില്‍ ഉണ്ടായിരിക്കുന്ന ധാരണ.

എന്‍.ശക്തന്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ച ശേഷമാകും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുക. പ്രോടേം സ്പീക്കറുടെ അധ്യക്ഷതയിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടത്.