പത്ര ഏജന്റിനെ മര്‍ദിച്ച് പണം തട്ടിയ പ്രതികള്‍ പിടിയില്‍

തിരൂരങ്ങാടി : സംശയം തോന്നി നാട്ടുകാര്‍ പിടികൂടി പോലീസിലേര്‍പ്പിച്ചവരെ ചോദ്യം ചെയ്തപ്പോള്‍ തെളിയാതെ കിടന്ന പത്ര ഏജന്റില്‍ നിന്നും പണം തട്ടിയ കേസിന് തുമ്പുണ്ടായി. വെന്നിയൂര്‍ വാളക്കുളം നരിമടക്കല്‍ അബ്ദുള്ള മുസ്ല്യാരില്‍ നിന്നും 1,18,000 രൂപ കവര്‍ന്ന കേസിലെ പ്രതികളായ പാലക്കാട് നടുവട്ടം കരിമ്പിയാര്‍ത്തൊടി ഫൈസല്‍ (32), പനങ്ങാട്ടൂര്‍ സ്വദേശിയായ പനങ്ങോടത്തില്‍ മുഹമ്മദലി (24) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.

വെന്നിയൂരില്‍ നിന്നാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ടക്കും കഴുത്തിനും മുറിവേല്‍പ്പിച്ച് മുഹമ്മദലി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കാറില്‍ നിന്നിറങ്ങിയയാള്‍ ഒരാളുടെ വീടിനെ കുറിച്ചനേ്വഷിച്ച് ബാഗ് തട്ടിയെടുക്കുകയും മുസ്ല്യാരെ പിടിച്ചുതള്ളി രക്ഷപെടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്ള മുസ്ല്യാരില്‍ നിന്നും പണം കവര്‍ന്നത്. കോഴിക്കോട്ടെ പത്രം ഓഫീസില്‍ അടക്കാനുള്ള 20,000 രൂപയും മദ്രസാ ഗ്രാന്റായ 98,000 രൂപയുമാണ് നഷ്ടമായത്. സംഘത്തില്‍ 3 പേര്‍ കൂടി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

മുഹമ്മദലിക്കെതിരെ തിരൂരങ്ങാടി പോലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു.