ദോഹയില്‍ വീടുകള്‍ക്ക്‌ മുന്‍സിപ്പാലിറ്റി നമ്പര്‍പ്ലേറ്റ്‌ നിര്‍ബന്ധമാക്കുന്നു

ദോഹ: കെട്ടിടം, മേഖല, തെരുവ് എന്നീ നമ്പറുകള്‍ അടങ്ങിയ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ മന്ത്രാലയം പ്ലാനിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു.  ‘എന്റെ വിലാസം’ പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്.

വീടുകളില്‍ പലതിനും ഇപ്പോള്‍ കെട്ടിട നമ്പര്‍ മാത്രമാണുള്ളത്. അവ മാറ്റി സെന്റര്‍ ഫോര്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി ജി ഐ എസ്) തയ്യാറാക്കിയ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ വീടുകള്‍ക്കും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് മാസത്തോടെ ഒന്നാംഘട്ടമായി ഒന്നേകാല്‍ ലക്ഷം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുണ്ട്.

പ്രതിമാസം ഏകദേശം 1500 മുതല്‍ 2000 എണ്ണം വരെ നമ്പര്‍ പ്ലേറ്റുകല്‍ സ്ഥാപിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ നമ്പര്‍ പ്ലേറ്റിനുള്ള അപേക്ഷ സി ജി ഐ എസ് ക്ഷണിച്ചിട്ടുണ്ട്. വീടിന് തൊട്ടടുത്തുള്ളതോ തെരുവിലുള്ളതോ ആയ പുതിയ നമ്പര്‍ പ്ലേറ്റിലെ വിശദാംശം അപേക്ഷയില്‍ എഴുതണം. കൃത്യമായ അപേക്ഷ സമര്‍പ്പിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുമെന്നും സി ജി ഐ എസ് അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ഇന്റേണല്‍ സെക്യൂരിറ്റീ ഫോഴ്‌സ്, നാഷണല്‍ കമാന്റ് സെന്റര്‍ ഓഫ് ദി മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍, ഖത്തര്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി, ക്യു പോസ്റ്റ്, കഹ്‌റാമ, നഗരസഭ എന്നിവയുമായി ബന്ധപ്പെട്ടാണ് സി ജി ഐ എസ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്.

കെട്ടിടത്തിന്റെ ഇടത് ഭാഗത്താണ് നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കേണ്ടത്. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിന് വീട്ടുകാര്‍ക്ക് സഹായകമാകും.

പ്ലേറ്റിലെ നമ്പര്‍ മാത്രം അറിയിച്ചാല്‍ വീട് എവിടെയാണെന്നും അവിടേക്കുള്ള എളുപ്പ വഴിയും തെളിഞ്ഞ് വരുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.